ജീവിതം ലഹരിയാകണമെന്ന് മന്ത്രി രമേശ് ചെന്നിത്തല

ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിനൊപ്പം വിദ്യാർഥികളിൽ ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ‘സ്‌കൂളുകളിൽ നിന്നും വൺ മില്യൺ തൂഫാൻ ഗോളുകൾ @ ലോകകപ്പ് 2026’ പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്തെ പതിനേഴായിരത്തിലധികം സ്‌കൂളുകൾ പങ്കാളികളാകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്തെ ഗ്ലോബൽ സ്പോർട്സ് സിറ്റിയിൽ ഫുട്ബോൾ ഗോളടിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു.

ലഹരിവസ്തുക്കളിൽ നിന്ന് കുട്ടികളെയും യുവജനങ്ങളെയും അകറ്റി കായികരംഗത്തേക്കും ആരോഗ്യകരമായ വിനോദങ്ങളിലേക്കും ആകർഷിക്കേണ്ടതുണ്ടെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ജീവിതമാണ് ലഹരിയെന്ന ബോധ്യം വരുത്തുകയാണ് ലക്ഷ്യം. സ്‌കൂൾ പരിസരങ്ങളിൽ മയക്കുമരുന്നും പുകയില ഉൽപ്പന്നങ്ങളും വിതരണം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഭാവി തലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കുന്നതിനായി നിയമലംഘകർ ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

ലഹരിവ്യാപനത്തെ ചെറുക്കാനായി ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ, എക്സൈസ്, ആരോഗ്യ  വകുപ്പുകളുടെ സംയുക്ത നേതൃത്വത്തിൽ ആരംഭിച്ച തൂഫാനിലൂടെ വലിയ മുന്നേറ്റം നടത്താനാകുന്നുണ്ട്. ജൂൺ 26-ലെ ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും വിപുലമായ ബോധവത്കരണ-കായിക പരിപാടികൾ സംഘടിപ്പിക്കും. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും. കൂടാതെ വിക്ടേഴ്സ് ചാനലിലൂടെ ബോധവൽക്കരണ സന്ദേശം നൽകുമെന്നും മന്ത്രി അറിയിച്ചു.

ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ ലഹരി മാഫിയകളെ തകർക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. ഫുട്ബോൾ എന്ന കായിക വിനോദത്തോടുള്ള കേരളത്തിലെ കുട്ടികളുടെ ആവേശം ലഹരിക്കെതിരെയുള്ള പോരാട്ടമാക്കി മാറ്റുകയാണ്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും പദ്ധതിയിൽ പങ്കാളിയാകുന്നതിലൂടെ ലഭിക്കുന്ന ഗോളുകൾ ഡിജിറ്റൽ ഡാഷ്ബോർഡിലൂടെ കാണുന്നതിനുള്ള സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. പുതിയ തലമുറയുടെ ജീവിതം മയക്കുമരുന്നിന് അടിമപ്പെടാതെ, കായിക വിനോദങ്ങളും കലാപരിപാടികളും അവരുടെ ജീവിതത്തിന്റെ ഭാഗമാക്കുക എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. മയക്കുമരുന്ന് ഉപയോഗം ജീവിതത്തെ തകർക്കും.  ഇത് വൈകാതെ ആത്മഹത്യയിലേക്കോ ആന്തരിക അവയവങ്ങൾ തകർന്ന് മരണത്തിലേക്കോ നയിക്കും. അതിനാൽ സ്വന്തം കാലിൽ നിൽക്കാനും മാതാപിതാക്കളെയും സമൂഹത്തെയും സംരക്ഷിക്കാനും കഴിയുന്ന ഒരു ശക്തിയായി വിദ്യാർഥികൾ മാറേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

മന്ത്രി എൻ ഷംസുദ്ദീനും ഒളിമ്പ്യൻ ശ്രീജേഷും വിദ്യാർഥികൾക്കൊപ്പം ഫുട്ബോൾ കളിച്ച് ഗോളുകളടിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഡി. സജിത് ബാബു, ഡയറക്ടർ സ്നേഹിൽ കുമാർ സിംഗ്, കൈറ്റ് സിഇഒ അൻവർ സാദത്ത് തുടങ്ങിയവർ പങ്കെടുത്തു.  പേരൂർക്കട ഗവൺമെന്റ് ഗേൾസ് എച്ച്എസ്എസിലേയും കവടിയാർ സാൽവേഷൻ ആർമി എച്ച്എസ്എസിലേയും നാൽപതോളം വിദ്യാർഥികളാണ് മന്ത്രിമാർക്കൊപ്പം ഫുട്ബോൾ കളിക്കാനെത്തിയത്.