നാറ്റ്പാക്കിന്റെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് നാറ്റ്പാക്കിനെ കൂടുതല്‍ ശക്തിപ്പെടുത്തി പൊതുമരാമത്ത് വകുപ്പുമായി ഏകോപനം വര്‍ധിപ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍ പറഞ്ഞു. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രത്തിന്റെ (നാറ്റ്പാക്ക്) സുവര്‍ണ ജൂബിലി ആഘോഷം മാസ്‌കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1976 ല്‍ രൂപീകൃതമായ നാറ്റ്പാക്ക് ഇന്ന് ഇന്ത്യയിലെ 15 സംസ്ഥാനങ്ങളില്‍ പഠനങ്ങളും ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടത്തുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായി വളര്‍ന്നു. എന്നാല്‍ കണ്‍സള്‍ട്ടന്‍സി ഏജന്‍സികളുടെ വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ നാറ്റ്പാക്ക് പോലുള്ള സ്ഥാപനങ്ങള്‍ പിന്തള്ളപ്പെടുന്ന സാഹചര്യമുണ്ടെന്നും അത് മാറ്റി സ്ഥാപനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പുതിയ സര്‍ക്കാരിന്റെ കാഴ്ചപ്പാടനുസരിച്ച് പൊതുമരാമത്ത് വകുപ്പില്‍ സമഗ്രമായ പരിഷ്‌കരണങ്ങള്‍ നടപ്പാക്കും. റോഡുകളുടെയും കെട്ടിടങ്ങളുടെയും നിര്‍മ്മാണത്തില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഡിസൈനുകളും സ്ട്രക്ചറുകളും പിന്തുടരുന്ന രീതി അവസാനിപ്പിച്ച് വകുപ്പിലെ ഡിസൈന്‍ വിംഗും ആര്‍ക്കിടെക്ചറല്‍ വിംഗും ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. റോഡുകള്‍, ഫ്ളൈഓവറുകള്‍, ബൈപ്പാസുകള്‍ എന്നിവയുടെ വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ വലിയ വെല്ലുവിളിയാണ്. ഭൂമി ഏറ്റെടുക്കലില്‍ ഉണ്ടാകുന്ന പ്രതിഷേധങ്ങളും കാലതാമസവും കാരണം പദ്ധതികളുടെ ചെലവ് വര്‍ധിക്കുന്ന സാഹചര്യമുണ്ട്.
ജനങ്ങളുടെ സഹകരണത്തോടെ ഭൂമി സൗജന്യമായി വിട്ടുനല്‍കി റോഡ് വികസനം നടത്തുന്ന മലബാര്‍ രീതി കൂടുതല്‍ വ്യാപിപ്പിക്കാനാകും. അടിസ്ഥാന സൗകര്യ വികസനത്തിനായി പൊതു-സ്വകാര്യ മാതൃകയിലുള്ള പദ്ധതികള്‍ക്കും സര്‍ക്കാര്‍ പ്രാധാന്യം നല്‍കും. പുതിയ ആശയങ്ങളെയും വികസന നിര്‍ദേശങ്ങളെയും പൊതുമരാമത്ത് വകുപ്പ് പോസിറ്റീവായി സമീപിക്കും. പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിലൂടെ കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നല്‍കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. ഡിസംബറില്‍ നടത്തുന്ന രാജ്യാന്തര കോണ്‍ക്ലേവ് ‘ ട്രാന്‍സ്ഫോം 2026’ ന്റെ ലോഗോ റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേയ്സ് മന്ത്രാലയത്തിന്റെ ന്യൂ ടെക്നോളജി ഫോര്‍ ഹൈവേ ഡെവലപ്മെന്റ് ഡയറക്ടര്‍ ബിദുര്‍ കാന്ത് ഝായും ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ചുള്ള ആക്ടിവിറ്റി കലണ്ടര്‍ വാര്‍ഡ് കൗണ്‍സിലര്‍ ക്ലീറ്റസും പ്രകാശനം ചെയ്തു. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. പി ഹരിനാരായണന്‍ അധ്യക്ഷനായ ചടങ്ങില്‍ നാറ്റ്പാക്ക് ഡയറക്ടര്‍ പ്രൊഫ. ആശാലത ആര്‍, സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എസ് ഷഹീം തുടങ്ങിയര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ‘കേരള ഓണ്‍ ദ മൂവ് : ഷേപ്പിംഗ് ഫ്യൂച്ചര്‍ മൊബിലിറ്റി ഫോര്‍ 2047’എന്ന വിഷയത്തില്‍ മേഖലയിലെ വിദഗ്ധരും ശാസ്ത്രജ്ഞന്‍മാരും പങ്കെടുത്ത ചര്‍ച്ചയും നടന്നു.
