പൊലീസ് ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ രണ്ട് വിദേശ നിര്‍മിത ബാഗേജ് സ്കാനറുകള്‍ ഉടന്‍ സന്നിധാന പരിസരത്ത് സ്ഥാപിക്കും.
വടക്കേനടയിലും വാവര് നടയുടെ സമീപത്തുമായാണ് സ്കാനറുകള്‍ സ്ഥാപിക്കുക. ഒരു കോടി രൂപയില്‍ അധികം വിലവരുന്ന അത്യാധുനിക സ്കാനറുകളാണ് സ്ഥാപിക്കുന്നത്. ഇത് സ്ഥാപിക്കുന്നതിന് ആവശ്യമായ ഷെഡുകള്‍ ദേവസ്വം ബോര്‍ഡ് നിര്‍മിച്ചു വരുന്നു. ഈ മാസം 25 ന് മുന്‍പായി ഷെഡുകള്‍ നിര്‍മിച്ച് പൊലീസ് വകുപ്പിന് കൈമാറും. സിവില്‍ ദര്‍ശനത്തിന് എത്തുന്ന അയ്യപ്പന്മാരുടെ ബാഗുകള്‍ പരിശോധിക്കുന്നതിനാണ് വടക്കേ നടയില്‍ സ്കാനര്‍ വയ്ക്കുന്നത്. പുല്‍മേട് വഴിയെത്തുന്ന അയ്യപ്പന്മാരുടെ ബാഗുകള്‍ വാവര് നടയിലുമായി പരിശോധിക്കുന്ന രീതിയിലാണ് ക്രമീകരണം നടത്തിയിട്ടുള്ളത്. വാവര് നടയുടെ സമീപത്തായി സ്ഥാപിക്കുക താത്കാലിക ഷെഡായിരിക്കും. തിരക്കുള്ളപ്പോള്‍ മാത്രം സ്ഥാപിക്കുകയും ആവശ്യം കഴിയുമ്പോള്‍ മാറ്റുകയും ചെയ്യുന്ന രീതിയില്‍ ആയിരിക്കും ഇവിടുത്തെ ഷെഡ് നിര്‍മാണം. സ്കാനര്‍ മെഷീനുകള്‍ എല്ലാം തിരുവനന്തപുരത്ത് ഇതിനോടകം എത്തിയിട്ടുണ്ട്. ഷെഡ് നിര്‍മാണം പൂര്‍ത്തിയായാല്‍ ഉടന്‍ സ്കാനറുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങും. പമ്പവഴിയെത്തുന്ന അയ്യപ്പന്മാരുടെ ബാഗുകള്‍ പരിശോധിക്കാന്‍ നിലവില്‍ വലിയ നടപ്പന്തലില്‍ ഒരു ബാഗേജ് സ്കാന്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
സന്നിധാനത്തെ സ്കാനറുകള്‍ക്ക് പുറമേ പമ്പയിലും പുതിയതായി ഒരു ബാഗേജ് സ്കാന്‍ സ്ഥാപിക്കും. ഇതിന് ആവശ്യമായ ഷെഡ് ഫോറസ്റ്റ് വകുപ്പാണ് നിര്‍മിച്ച് നല്‍കുക. അഞ്ച് മീറ്റര്‍ നീളവും രണ്ടേമുക്കാല്‍ മീറ്റര്‍ വീതിയും ഉള്ള ഷെഡാണ് സ്കാനര്‍ വയ്ക്കുന്നതിന് ആവശ്യമായിട്ടുള്ളത്. സീസണ് കഴിഞ്ഞാലും സ്കാനറുകള്‍ പരിപാലിക്കാന്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. മുന്‍പ് ദേവസ്വം ബോര്‍ഡ് വാങ്ങി നല്കിയ സ്കാനര്‍ പത്ത് വര്‍ഷത്തെ നിരന്തര ഉപയോഗത്തെ തുടര്‍ന്ന് പൂര്‍ണമായും ഉപയോഗശൂന്യമായതിനെ തുടര്‍ന്നാണ് പൊലീസ് വകുപ്പ് പുതിയ സ്കാനറുകള്‍ വാങ്ങി സ്ഥാപിക്കുന്നതെന്ന് സ്റ്റോര്‍ ഇന്‍ചാര്‍ജ് വി ഹരികുമാര്‍ പറഞ്ഞു.