പുതുക്കിയ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പാക്കുന്നതിനായി സംസ്ഥാനത്ത് ആദ്യമായി പ്രത്യേക റൗണ്ട് ടേബിൾ കോൺഫറൻസ് സംഘടിപ്പിക്കും. ബജറ്റ് പ്രഖ്യാപനങ്ങൾ വിവിധ കാരണങ്ങളാൽ നടപ്പാകാതെ പോകുന്ന സാഹചര്യം ഒഴിവാക്കി പദ്ധതി നിർവഹണത്തിൽ ജനങ്ങൾക്ക് വിശ്വാസ്യത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. സെപ്റ്റംബർ 16 മുതൽ 18 വരെ തിരുവനന്തപുരത്താണ് കോൺഫറൻസ് നടത്തുക.
നാല്പതിലധികം വകുപ്പുകൾക്കായി ബജറ്റിൽ 73 പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ 63 പദ്ധതികൾ ഒന്നിലധികം വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കേണ്ടവയാണ്. വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവ് മൂലമുള്ള കാലതാമസം ഒഴിവാക്കുന്നതിനായി പദ്ധതികളെ വിവിധ ക്ലസ്റ്ററുകളായി തിരിച്ചാണ് ചർച്ചകൾ നടത്തുക. ആറ് ക്ലസ്റ്ററുകളിലായി 34 പദ്ധതികളാണ് നിലവിൽ കോൺഫറൻസിൽ ചർച്ച ചെയ്യുന്നത്. പദ്ധതികളുടെ നിർവഹണം, ആസൂത്രണം, വകുപ്പുതല ഏകോപനം എന്നിവ വിശദമായി പരിശോധിക്കും. ഓരോ പദ്ധതിയുടെയും വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കും. പദ്ധതികളുടെ വ്യാപ്തി, തന്ത്രപരമായ ലക്ഷ്യങ്ങൾ, സാമ്പത്തിക മാതൃക, നിർവഹണ രീതി, സമയപരിധി എന്നിവയും കോൺഫറൻസിൽ തീരുമാനിക്കും.
നയവിദഗ്ധർ, അക്കാദമിക് – ഗവേഷണ സ്ഥാപനങ്ങൾ, വികസന പങ്കാളികൾ, സാമ്പത്തിക സ്ഥാപനങ്ങൾ, നിക്ഷേപകർ, വ്യവസായികൾ, സ്റ്റാർട്ട് അപ്പുകൾ തുടങ്ങിയ വിവിധ മേഖലകളിലെ പ്രധാന പങ്കാളികളെ ഉൾപ്പെടുത്തിയാണ് ചർച്ചകൾ നടത്തുക. ഇതിനായി സർക്കാർ ഒരു നോളജ് പാർട്ണറെയും തെരഞ്ഞെടുത്തിട്ടുണ്ട്. ഓരോ പദ്ധതിയും പൂർത്തിയാക്കേണ്ട സമയപരിധിയും വിവിധ വകുപ്പുകളുടെ ചുമതലകളും കൃത്യമായി നിർവചിച്ച് പദ്ധതി നിർവഹണം കാര്യക്ഷമമാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മറ്റ് മന്ത്രിസഭായോഗ തീരുമാനങ്ങൾ
Ø സുപ്രീം കോടതിയിൽ സംസ്ഥാനത്തിനു വേണ്ടി കേസുകൾ നടത്തുന്നതിന് സീനിയർ അഭിഭാഷകരുടെ പാനൽ രൂപീകരിച്ചു.
Ø സുപ്രീം കോടതി നിർദ്ദേശപ്രകാരം സംസ്ഥാനത്തെ ജില്ലാ ജുഡീഷ്യൽ ഓഫീസർമാരുടെ വിരമിക്കൽ പ്രായം 62 വയസ്സായി ഉയർത്തി.
Ø കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.സി.യുവിൽ 2023-ൽ അതിക്രമത്തിന് ഇരയായ കോഴിക്കോട് സ്വദേശിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അഞ്ച് ലക്ഷം രൂപ അനുവദിച്ചു.
Ø ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് സി. പ്രദീപ് കുമാറിനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി നിയമിച്ചു.
