* സംസ്ഥാനത്തിന് ഉണ്ടായത് 13,103 കോടി രൂപയുടെ അധിക ചെലവും വായ്പാ പരിധിയിൽ 25,932.55 കോടി രൂപയുടെ വെട്ടിക്കുറവും
* സുധാ പിള്ള കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കും
കിഫ്ബിയുടെ ധനകാര്യ വിനിയോഗം, ഭരണഘടനാ ചട്ടങ്ങൾ, പദ്ധതി നടത്തിപ്പ് എന്നിവ സംബന്ധിച്ച് പഠിച്ച സുധാ പിള്ള കമ്മിറ്റിയുടെ ശുപാർശകൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. കിഫ്ബിയുടെ പ്രവർത്തനത്തിൽ ഭരണഘടനാ വ്യവസ്ഥകളിൽ നിന്നും റൂൾസ് ഓഫ് ബിസിനസ്സിൽ നിന്നും വ്യതിയാനം കണ്ടെത്തിയിട്ടുണ്ടെന്നും ക്രമക്കേട് സംബന്ധിച്ച് അന്വേഷണത്തെ കുറിച്ച് ഗൗരവമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ശേഷം കമ്മിറ്റി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചു.
സംസ്ഥാന സർക്കാരിന്റെയും ധനവകുപ്പിന്റെയും നിയന്ത്രണത്തിൽ നിന്നും മാറി ഒരു സ്വതന്ത്ര സാമ്രാജ്യമായി കിഫ്ബി പ്രവർത്തിച്ചെന്ന് സമിതി കണ്ടെത്തി. എന്നാൽ വൻതോതിൽ ഉള്ള കടമെടുപ്പിലൂടെ സർക്കാരിനു വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുകയും ചെയ്തു എന്നും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ പത്ത് വർഷത്തെ കിഫ്ബിയുടെ പ്രവർത്തനം സർക്കാർ വകുപ്പുകളിലെ ഭരണസംവിധാനത്തെയും ശേഷി വികസനത്തെയും ദുർബലപ്പെടുത്തിയതായി കമ്മിറ്റി കണ്ടെത്തി.
കിഫ്ബിയുടെ പ്രവർത്തനം മൂലം സംസ്ഥാനത്തിന് 13,103 കോടി രൂപയുടെ അധിക ചെലവ് ഉണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ നേരിട്ട് നിക്ഷേപിച്ചിരുന്നെങ്കിൽ കൂടുതൽ തുക വികസനത്തിനായി പൂർണ സുതാര്യതയോടെ ഉപയോഗിക്കാമായിരുന്നു. വരുമാനദായകം എന്ന് വിശേഷിപ്പിച്ച പല പദ്ധതികളും വരുമാനം നൽകുന്നവയായിരുന്നില്ല. കിഫ്ബിയുടെ പ്രവർത്തനത്തിൽ നിരവധി ചട്ടലംഘനങ്ങൾ നടന്നിട്ടുണ്ടെന്നും സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ ഗുരുതരമായി ബാധിച്ചെന്നും സമിതി കണ്ടെത്തി.
പ്രധാന കണ്ടെത്തലുകൾ:
- കേരളത്തിന്റെ വായ്പയെടുക്കാനുള്ള പരിധിയിൽ 25,932.55 കോടി രൂപയുടെ വെട്ടിക്കുറവ് ഉണ്ടായി. ഇത് സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ സാരമായി ബാധിക്കാൻ കാരണമായി.
- 2021 – 22 മുതൽ 2024 – 25 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ സംസ്ഥാന സർക്കാർ കൈമാറിയ തുകയുടെ 99.4 ശതമാനവും കിഫ്ബിയുടെ വായ്പാ തിരിച്ചടവിനായാണ് ഉപയോഗിച്ചത്.
- ബജറ്റിന് പുറത്തുള്ള (off budget) വായ്പകളായതിനാൽ നിയമസഭയുടെ മേൽനോട്ടത്തിനും പരിശോധനയ്ക്കും വിധേയമാകുന്നില്ല.
- ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കി. വായ്പകൾക്ക് ഗ്യാരണ്ടി നൽകേണ്ട എന്ന് ധനവകുപ്പ് തീരുമാനിച്ചിട്ടും മുഖ്യമന്ത്രി അധ്യക്ഷനായ യോഗം ഗ്യാരണ്ടി നൽകാൻ തീരുമാനിച്ചു.
- കിഫ്ബിയുടെ പേരിൽ വൻ ധൂർത്ത് നടന്നു. കിഫ്ബിയുടെ വായ്പകളുടെ പലിശച്ചെലവ് സംസ്ഥാനത്തിന്റെ വായ്പകളുടെ പലിശച്ചെലവിനേക്കാൾ കൂടുതലായിരുന്നു. കിഫ്ബിയിൽ നിന്നുള്ള കടമെടുപ്പ് മൂലം പ്രതിവർഷം 396 കോടി രൂപ അധിക പലിശ ഒടുക്കേണ്ടി വരുന്നു. ആകെ അധിക ചെലവ് 1250 കോടി. മസാല ബോണ്ട് വഴി ഉണ്ടായ നഷ്ടം 181.73 കോടി രൂപ.
- കിഫ്ബി നിയമത്തിലെ വകുപ്പ് 8(1) പ്രകാരം വായ്പയെടുക്കുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമായിരുന്നുവെങ്കിലും, ഈ വ്യവസ്ഥ പാലിച്ചില്ല.
- 2026 സെപ്റ്റംബർ 29ലെ കണക്കനുസരിച്ച്, കിഫ്ബിയുടെ ധനസമാഹരണ മാതൃക മൂലം സർക്കാരിന്റെ വരവിൽ 61,678.46 കോടി രൂപയുടെ കുറവ് ഉണ്ടായി. അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി കിഫ്ബി ചിലവഴിച്ച തുകയും അതിന്റെ ഫണ്ട് നീക്കിയിരിപ്പും കൂടി 48,574.82 കോടിയാണ്. പദ്ധതികൾ കിഫ്ബി വഴി നടപ്പിലാക്കിയതിനാൽ സംസ്ഥാനത്തിന് ഇതുവരെ 13,103 കോടി രൂപ അധിക ചിലവ് കണക്കാക്കുന്നു.
- കിഫ്ബിയുടെ പദ്ധതികളിൽ വരുമാന ദായകം എന്ന ശീർഷകത്തിലുള്ള നിരവധി പദ്ധതികൾ യഥാർത്ഥത്തിൽ വരുമാനദായകം അല്ല.
- കിഫ്ബിയുടെ പദ്ധതികളിൽ ജില്ലാ അടിസ്ഥാനത്തിലുള്ള അസമത്വം വലിയ തോതിൽ ഉണ്ട്. മൂന്ന് ജില്ലകൾക്ക് മാത്രമായി 41.6 ശതമാനം പദ്ധതികളും ഭൂമി ഏറ്റെടുക്കൽ ഇനത്തിൽ കണ്ണൂരിൽ മാത്രമായി 52.9 ശതമാനവുമാണ് ഉണ്ടായിരിക്കുന്നത്. വ്യവസായ പദ്ധതികൾക്കായി കണ്ണൂരിലും പാലക്കാടുമായി 5,366 ഏക്കർ ഭൂമി ഏറ്റെടുക്കാൻ 12,727 കോടി രൂപയ്ക്ക് കിഫ്ബി അംഗീകാരം നൽകി. നിലവിൽ കണ്ണൂരിൽ ആയിരം ഏക്കർ 2,489 കോടി രൂപ ചെലവിൽ ഏറ്റെടുത്തിട്ടുണ്ട്. ഈ ഭൂമിയിൽ കഴിഞ്ഞ അഞ്ചു വർഷങ്ങളായി യാതൊരു വ്യവസായ പ്രവർത്തികളും ആരംഭിച്ചിട്ടില്ല. 3,829 ഏക്കർ ഭൂമി 9,572 കോടി രൂപയ്ക്ക് കണ്ണൂരിൽ ഏറ്റെടുക്കാനുള്ള നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. യാതൊരു വരുമാനവും ലഭിക്കാതെ ഭൂമി വിലയുടെ അഞ്ചിരട്ടി തുകയ്ക്കാണ് ഭൂമി ഏറ്റെടുത്തത്.
- കിഫ്ബിക്ക് സംസ്ഥാന സർക്കാരിന്റെ സോവറിൻ ഗ്യാരണ്ടി നിലനിൽക്കുമ്പോൾ തന്നെ കിഫ്ബി 5821 കോടിയോളം രൂപ വിവിധ അക്കൗണ്ടുകളായി നിക്ഷേപിച്ചിട്ടുണ്ട്.
- കിഫ്ബിയുടെ പബ്ലിസിറ്റി, പ്രമോഷൻ ചെലവുകളിൽ ഗുരുതരമായ ക്രമക്കേടുകളുണ്ട്. 2025-26 സാമ്പത്തിക വർഷം 21.16 കോടി രൂപ അഡ്വർടൈസ്മെന്റ് ആന്റ് പ്രമോഷനായി കിഫ്ബി കണക്കിൽ കാണിച്ചപ്പോൾ യഥാർത്ഥത്തിൽ ആ വർഷം 203.72 കോടി രൂപ ചെലവഴിച്ചു.
- 40 പോസ്റ്റുകൾക്ക് മാത്രം സർക്കാർ അനുമതി ചെയ്തിരിക്കെ 498 ജോലിക്കാരാണ് കിഫ്ബിയിൽ നിലവിലുള്ളത്. ധനകാര്യ വകുപ്പിന്റെ അനുമതിയില്ലാതെയാണ് ജീവനക്കാരുടെ ശമ്പളഘടന പരിഷ്കരിച്ചത്.
- കിഫ്ബി എടുത്തിട്ടുള്ള വായ്പകളുടെ തിരിച്ചടവ് നടത്തുന്നതിനും ആരംഭിച്ച പദ്ധതികൾ പൂർത്തിയാക്കുന്നതിനുമായി വരും വർഷങ്ങളിൽ കേരള സർക്കാരിന് 70,415.54 കോടി ആവശ്യമായി വരും. ഈ തിരിച്ചടവ് 2041- 42 വരെ തുടരും. ഇത് വരും വർഷങ്ങളിൽ സംസ്ഥാനത്തിന് കനത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവ് ഒഴികെയാണിത്.
- കിഫ്ബിയുടെ പത്തുവർഷത്തെ പ്രവർത്തനങ്ങളിൽ സിഎജി ഓഡിറ്റ് നടപ്പിലാക്കുക, കിഫ്ബിയുടെ വിപണി കടമെടുപ്പ് പൂർണ്ണമായി നിർത്തലാക്കുക, കിഫ്ബിയുടെ വായ്പകൾ തിരിച്ചടവിനായി സംസ്ഥാന ബജറ്റ് വഴി തുക വകയിരുത്തുക. ഉയർന്ന പലിശയുള്ള വായ്പകൾ കുറഞ്ഞ പലിശ വായ്പകളിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കുക. കടം സർക്കാർ ഏറ്റെടുക്കുന്നപക്ഷം മോട്ടോർ വെഹിക്കിൾ ടാക്സ്, സെസ്സ് എസ്ക്രോ നൽകുന്നത് നിർത്തുക, നിലവിലെ പദ്ധതികളുടെ പൂർത്തീകരണത്തിനുള്ള തുക സംസ്ഥാന ബജറ്റിൽ വകയിരുത്തുക തുടങ്ങിയവയാണ് സുധാപിള്ളയുടെ നേതൃത്വത്തിൽ തരുൺ ബജാജ്, ശ്യാം ശ്രീനിവാസൻ, നിലേഷ് വികംസെ, സുബ്ബലക്ഷ്മി നാരായൺ എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ ശുപാർശകൾ.
