കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയിൽ നിക്ഷേപങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി പ്രവാസികളുടെ എൻഡോവ്മെൻറ് ഫണ്ട് തുടങ്ങുന്ന കാര്യം പരിഗണിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. കോവളം ലീലാ റാവിസ് ഹോട്ടലിൽ ഹഡിൽ ഗ്ലോബലിന്റെ ഭാഗമായി റൗണ്ട് ടേബിൾ കോൺഫറൻസിൽ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി. സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, യു.കെ. ജർമനി, ഇറ്റലി, ഫിൻലൻഡ്, ബെൽജിയം ജപ്പാൻ തുടങ്ങി വിവിധ രാജ്യങ്ങളുടെയും കമ്പനികളുടെയും പ്രതിനിധികൾ തുടങ്ങിയവർ റൗണ്ട് ടേബിൾ കോൺഫറൻസിൽ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ സെക്രട്ടറി ഡോ. രത്തൻ യു ഖേൽക്കർ, ഐ.ടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ് സുഹാസ്, കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക തുടങ്ങിയവരും ചർച്ചകളിൽ പങ്കുചേർന്നു.

നിക്ഷേപകർക്ക് നടപടിക്രമങ്ങൾ ലഘൂകരിച്ച് നൽകുന്നതിനായി 19 നിയമങ്ങളെ ഭേദഗതി ചെയ്തുകൊണ്ട് കേരളം സരൾ നിയമം നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ വായ്പ അനുവദിക്കുന്നതിന് വിവിധ ബാങ്കുകളുമായി ചർച്ച തുടരുകയാണ്. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ഈടില്ലാതെ സ്റ്റാർട്ടപ്പുകൾക്ക് വായ്പ നൽകുന്നുണ്ട്. തന്റെ ആദ്യ ബജറ്റിൽ വായ്പാതുക വർധിപ്പിച്ചുവെന്ന് പറഞ്ഞ മുഖ്യമന്ത്രി തുക ഇനിയും വർധിപ്പിക്കുമെന്ന് അറിയിച്ചു. ആരോഗ്യം, ഉന്നത വിദ്യാഭ്യാസം എന്നീ മേഖലകളിലുള്ള സ്റ്റാർട്ടപ്പുകളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ പാസാകുന്നതോടെ, വിദേശ സർവകലാശാലകൾക്ക് കേരളത്തിൽ പ്രവർത്തിക്കാൻ അവസരം ഒരുങ്ങും. നഴ്സിംഗ് കോഴ്സുകൾക്കുള്ള സീറ്റ് ഇരട്ടിയാക്കി കൊണ്ട് ഈ മേഖലയിൽ കൂടുതൽ സാധ്യതകൾ പ്രയോജനപ്പെടുത്തും. മുതിർന്ന പൗരൻമാരെ പരിപാലിക്കുന്നതിനായി കൂടുതൽ കെയർ ഗിവർ കോഴ്സുകൾ തുടങ്ങും. ഇതിനായി ജർമനി, യു.കെ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കോഴ്സുകൾ സംയോജിപ്പിച്ച് സിലബസ് തയ്യാറാക്കി കൊണ്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം സ്റ്റാർട്ടപ്പ് നയം പുതുക്കുമെന്ന് വ്യവസായ, ഐ ടി എ ഐ വകുപ്പ് മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി യോഗത്തിൽ പറഞ്ഞു. സ്റ്റാർട്ടപ്പുകൾക്കുള്ള സർക്കാർ പിന്തുണയും ഇൻസെൻറീവും വർധിപ്പിക്കും. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
സ്റ്റാർട്ടപ്പുകൾക്കുള്ള പ്രവർത്തന മൂലധനം വർധിപ്പിക്കണം, ഗവേഷണ സൗകര്യങ്ങളും ഗവേഷണ പിന്തുണയും മെച്ചപ്പെടുത്തണം. ഭൂമി, വൈദ്യുതി, അടിസ്ഥാനസൗകര്യം എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തണം, ഫണ്ട് ഓഫ് ഫണ്ട്സ് പ്രോഗ്രാമിന്റെ പ്രവർത്തനം മെച്ചപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളാണ് യോഗത്തിൽ ഉയർന്നത്. സിൽവർ ഇക്കോണമി, ഉന്നത വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സഹകരണത്തിന് വിവിധ രാജ്യങ്ങൾ മുന്നോട്ട് വന്നു.
