സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിച്ച് സമത്വവും സുരക്ഷയും ഉറപ്പാക്കുക എന്ന സന്ദേശവുമായി വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ ഓറഞ്ച് ദ വേൾഡ് ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ വാക്കത്തോൺ സംഘടിപ്പിച്ചു.
കവടിയാർ വിവേകാനന്ദ പാർക്കിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. സ്ത്രീധന സമ്പ്രദായം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടി അവർ സ്ത്രീധനവിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. തുടർന്ന് വിവേകാനന്ദ പാർക്കിൽനിന്ന് ആരംഭിച്ച വാക്കത്തോൺ മാനവീയം വീഥിയിൽ സമാപിച്ചു.
വാക്കത്തോണിന്റെ സമാപനത്തിൽ ശൈശവവിവാഹത്തിനെതിരായ പ്രതിജ്ഞ ഐ ജി അജിത ബീഗം ചൊല്ലിക്കൊടുത്തു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും ലിംഗസമത്വം ഉറപ്പാക്കുന്നതിനും സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം അനിവാര്യമാണെന്ന് അവർ സംസാരിച്ചു. സ്ത്രീ വിരുദ്ധ നിലപാടുകൾക്കും പ്രവണതകൾക്കുമെതിരെ കൂട്ടായ പ്രതിരോധം ഉയരണമെന്നും ചൂണ്ടികാട്ടി.
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുക, ലിംഗസമത്വം ഉറപ്പാക്കുക, സ്ത്രീധനവും ശൈശവവിവാഹവും ഉൾപ്പെടെയുള്ള സാമൂഹിക തിന്മകൾക്കെതിരെ ബോധവത്കരണം നടത്തുക തുടങ്ങിയ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളേന്തിയാണ് പങ്കാളികൾ വാക്കത്തോണിൽ അണിനിരന്നത്. എൻ.സി.സി., എൻ.എസ്.എസ്., എസ്.പി.സി., നിർഭയ വോളന്റിയർമാർ, പാരാലീഗൽ വോളന്റിയർമാർ, വനിതാ ശിശുവികസന വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫീസർ ഷിംന വി.എസ്., വനിതാ സംരക്ഷണ ഓഫീസർ ഡോ. സുനിത എം.വി., ഐ.സി.ഡി.എസ്. പ്രോഗ്രാം ഓഫീസർ കവിത റാണി രഞ്ജിത്ത്, സങ്കൽപ്പ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ നീതു എസ്. സൈനു എന്നിവർ പങ്കെടുത്തു.
