നിരവധി സമരപോരാട്ടങ്ങളിലൂടെ ഇന്ത്യന്‍ ജനത നേടിയെടുത്ത ജനാധിപത്യ മൂല്യങ്ങള്‍ രാജ്യത്ത് വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഭരണഘടന സംബന്ധിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാന്‍ ഭരണഘടനാ സന്ദേശയാത്ര കാസര്‍കോട് മഞ്ചേശ്വരത്ത് നിന്നും ആരംഭിച്ചു. മഞ്ചേശ്വരം ഗോവിന്ദപൈ നഗറില്‍ നിന്നാരംഭിച്ച സംസ്ഥാനതല യാത്ര പി. കരുണാകരന് എംപി ഉദ്ഘാടനം ചെയ്തു. കേരള നിയമ സഭ, പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ സാക്ഷരതാ മിഷന് സംഘടിപ്പിക്കുന്ന ഭരണഘടന സാക്ഷരതാ ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് സന്ദേശയാത്ര സംസ്ഥാനത്ത് നടത്തുന്നത്. നാനാജാതി മതങ്ങളും വിവിധ ഭാഷകളും വിഭിന്ന സംസ്കാരവുമുള്ള രാജ്യത്ത് മതത്തിന്റെയോ ജാതിയുടെയോ ഭാഷയുടെയോ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനയ്ക്ക് എതിരായ ആക്രമണമായാണ് കണക്കാക്കുന്നത്. ഇത്തരം പ്രവണതകള്‍ വര്‍ധിച്ചു വരുന്ന കാലത്ത് ഭരണഘടനാ മൂല്യങ്ങള്‍ ജനങ്ങളില്‍ പ്രത്യേകിച്ച് യുവതലമുറയില്‍ അവബോധം സൃഷ്ടിക്കാനാണ് സന്ദേശയാത്ര സംഘടിപ്പിക്കുന്നത്.
യാത്രയുടെ പതാക ജാഥാ ക്യാപ്റ്റന്‍ സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല പി കരുണാകരന് എംപിയില്‍ നിന്നും ഏറ്റുവാങ്ങി. ഭരണഘടനയുടെ പ്രധാന പ്രത്യേകത ബഹുസ്വരതയെ അംഗീകരിച്ച് എല്ലാവരെയും തുല്യരായി കാണുന്നുവെന്നും ഈ സമത്വസമഭാവനയെ ജനങ്ങളിലേക്കെത്തിക്കുകയാണ് യാത്രയുടെ ഉദ്ദേശ്യമെന്ന് ഭരണഘടനാ സാക്ഷരതാ സന്ദേശം നല്കി ഡോ. പി.എസ്. ശ്രീകല പറഞ്ഞു.
നമ്മുടെ രാജ്യത്ത് ദേശീയ ഭക്ഷണമില്ല, വേഷമില്ല, ഭാഷയില്ല. വൈവിധ്യമുള്ള സംസ്കാരിക സാമൂഹിക ക്രമങ്ങള്‍ പിന്തുടരുമ്പോഴും നാം എല്ലാവരും തുല്യരായാണ് ജീവിക്കുന്നത് ഭരണഘടനയുടെ ജനാധിപത്യ അടിത്തറയില്‍ നിന്നാണെന്നും അവര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ സമരസേനാനി ക്യാപ്റ്റന്‍ കെ.എം.കെ നമ്പ്യാരെ ഉദ്ഘാടന വേദിയില്‍ എം പി ആദരിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡന്റ് എ.കെ.എം. അഷ്റഫ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് മമതാ ദിവാകര്‍, ജില്ലാ പ്രൊജക്ട് കോ-ഓഡിനേറ്റര്‍ ഷാജു ജോണ്‍, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ അസീസ് ഹാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് മുസ്തഫ, മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എം.കെ. അബ്ദുല്‍ റഹ്്മാന്‍ ഹാജി, സിയാന, ബി.ഡി.ഒ. നൂതന കുമാരി തുടങ്ങിയവര്‍ സംസാരിച്ചു.
സംസ്ഥാനത്തെ 52 കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന യാത്ര ജനുവരി 24ന് തിരുവനന്തപുരത്ത് സമാപിക്കും. സ്വീകരണ കേന്ദ്രങ്ങള്‍ക്ക് സാമൂഹിക-സാംസ്കാരിക-നവോത്ഥാന നായകരുടെ പേരാണ് നല്‍കിയിരിക്കുന്നത്. യാത്രയ്ക്ക് ജില്ലയില്‍ കാസര്‍കോട് ടി.ഉബൈദ് നഗറില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ കുമാരന് അധ്യക്ഷത വഹിച്ചു. സാക്ഷരത മിഷന് ഡയറക്ടര്‍ ഡോ പി എസ് ശ്രീകല മുഖ്യപ്രഭാഷണം നടത്തി.കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാര്‍ ടി ഡി കബീര്‍ , കാറഡുക്ക പഞ്ചായത്ത് പ്രസിഡന്റ് അനസൂയ റൈ , മൂളിയാര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പ്രഭാകരന്, ചെമ്മനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശകുന്തള കൃഷ്ണന്, ചെമ്മനാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ ഷാസിയ , സംഘാടക സമിതി ചെയര്മാന് രാജന് കെ പൊയിനാച്ചി, സാക്ഷരത മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ഷാജു ജോണ്‍ , സാക്ഷരത മിഷന് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ശാസ്ത പ്രസാദ് , നോഡല്‍ പ്രേരക് പുഷ്പകുമാരി, തങ്കമണി, ഡി വിജയമ്മ, എം എ നജീബ് തുടങ്ങിയവര്‍ പങ്കെടുത്തു.
