നീണ്ട നാളത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷമാണ് ബെള്ളൂര്‍ കക്കേബട്ടിലെ ഗണേഷ് റാവിനും സുമിത്രയ്ക്കും ആദ്യത്തെ കണ്മണി പിറന്നത്. മകളുടെ കളിചിരിയും അവള് പിച്ചവെയ്ക്കുന്നതും കാണാന്‍ ദീര്‍ഘകാലമായി കാത്തിരുന്ന ഗണേഷ് റാവുവിന് ആദ്യമൊന്നും മകളിലെ ചെറിയ മാറ്റങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. വൈകിയാണ് ഈ പിതാവ് മനസ്സിലാക്കുന്നത് സമപ്രായക്കാര മറ്റുകുട്ടികളെപ്പോലെ തന്റെ മകള്‍ സൗമ്യയ്ക്ക് ചലനശേഷിയില്ലെന്ന യാഥാര്‍ത്ഥ്യം. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ സൗമ്യയ്ക്ക് സംസാര ശേഷിയും ചലനേശഷിയും ഇല്ലെന്നകാര്യം സ്ഥിരീകരിച്ചു.ഇതിനിടയില്‍ രണ്ടാമത്തെ കുട്ടിയും പിറന്നു. ഏറെ വൈകാതെ മകളുടെ അതേ രോഗാവസ്ഥ തന്നെ മകന് അരുണ്‍കുമാറിനെയും ബാധിച്ചതായി ചികിത്സിച്ച ഡോക്ടര്‍ ഉറപ്പിച്ചപ്പോള്‍ ഇരുവരും തകര്ന്നപ്പോയി. തുടര്‍ന്ന് നടത്തിയ വിദഗ്ധമായ പരിശോധനയില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ അനന്തരഫലമായാണ് ഇരുവര്‍ക്കും ജന്മനാ മാനസികവൈകല്യവും ചലനശേഷിയും നഷ്ടപ്പെടാന്‍ കാരണമായതെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി .തുടര്‍ന്നങ്ങോട്ട് ഇരുവരും കറയിറങ്ങാത്ത ആശുപത്രികള്‍ ഇല്ല. മംഗളൂരുവിലും മണിപ്പാലിലുമായി നിരവധി ആശുപത്രികളില്‍ മക്കളുമായി കയറിയിറങ്ങി. നിരാശ മാത്രമായിരുന്നു ഫലം.
കൃഷിമാത്രം ഉപജീവനമാര്‍ഗമായിരുന്ന ഗണേഷ്റാവു മക്കളുടെ തുടര്‍ ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. എല്ലാ കാര്യത്തിനും തന്നെ ആശ്രയിക്കുന്ന മക്കളെ തനിച്ചാക്കി ജോലിക്ക് പോവാന്‍ സുമിത്രയ്ക്കും കഴിഞ്ഞിരുന്നില്ല. പല്ലപ്പോഴും നിത്യചെലവിനുള്ള വക കണ്ടെത്താന്‍ ഏറെ കഷ്ടപ്പെട്ടിരുന്നുവെന്ന് ഇരുവരും പറയുന്നു. എങ്കിലും പ്രതീക്ഷകള്‍ കൈവിടാന്‍ ഇരുവരും തയ്യാറായില്ല. ഇന്ന് സ്ഥിതിഗതികള്‍ ഏറെക്കുറയെല്ലാം മാറിയിരിക്കുന്നു.
2011 ല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സംഘടിപ്പിച്ച ആദ്യഘട്ട മെഡിക്കല്‍ ക്യാമ്പില്‍ സൗമ്യയും അരുണും പങ്കെടുത്തു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ആദ്യം തന്നെ അരുണും സൗമ്യയും ഇടം പിടിച്ചു. തുടര്‍ന്ന് പ്രതീക്ഷച്ചതിനേക്കാള്‍ വേഗത്തിലാണ് സംസ്ഥാന സര്‍ക്കാറിന്റെ സഹായഹസ്തം ഇവരെ തേടിയെത്തിയത്. പത്ത് ലക്ഷം രൂപയാണ് ഇരുവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് മുഴുവന്‍ തുകയും ലഭിച്ചത്. തുച്ഛമായ വരുമാനംകൊണ്ട് മാനസികവൈകല്യമുള്ള രണ്ടുമക്കളുമായി ഓരോ ദിവസവും എങ്ങനെ തള്ളിനീക്കുമെന്നു ചിന്തിച്ച നിമിഷങ്ങള്‍ ഗണേഷ് റാവിവിന്റെയും സുമിത്രയുടെയും ജീവിതത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആശങ്കകള്‍ ഏറെക്കുറെ മാറിയിരിക്കുന്നു.23 വയസുള്ള സൗമ്യയുടെയും 21 വയസുള്ള അരുണ്‍കുമാറിന്റെയും ചികിത്സയ്ക്കും നിത്യചിലവിനുമുള്ള ആശ്വാസം തന്നെയാണ് ഈ തുകയെന്ന് ഇരുവരും പറയുന്നു.
