മാരാരിക്കുളം : മാരാരിക്കുളത്തെ പ്രധാന റോഡുകൾ ഇനി ക്യാമറാ നിരീക്ഷണത്തിൽ. ഇതിനായി വിവിധ സ്ഥലങ്ങളിലായി മുപ്പത്തിയൊന്നോളം ഹൈ റസല്യൂഷൻ ക്യാമറകൾ വിവിധയിടങ്ങളിലായി സ്ഥാപിച്ചു. സമൂഹത്തിൽ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങളും, സാമൂഹ്യവിരുദ്ധരുടെ പ്രവർത്തനങ്ങളും തടയുന്നതിനായി മാരാരിക്കുളം ജനമൈത്രി പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിലാണ് ക്യാമറകൾ സ്ഥാപിക്കുന്നത്.
മാരാരിക്കുളം ജനമൈത്രി പോലീസിന്റെയും പോലീസ് സ്റ്റേഷൻ പ്രദേശത്തെ സംഘടനകൾ, സ്വകാര്യ സ്ഥാപനങ്ങൾ , പ്രാദേശിക ചാനലായ ആലപ്പി വിഷൻ എന്നീവരുടെ സഹായത്താലാണ് ക്യാമറകൾ സ്ഥപിച്ചത്. 31 ക്യാമറാകളും പോലീസ് റ്റേഷനിൽ നിന്നും 24 മണിക്കൂറും നിരീക്ഷിക്കുവാൻ കഴിയുംവിധമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിനു വേണ്ടി വലിയ തോതിലുള്ള ഒപ്റ്റിക്കൽ നെറ്റ് വർക്കിംഗ് ആലപ്പി വിഷൻ ചാനലാണ് സൗജന്യമായി നല്കിയത്.
ക്യാമറകളുടെ സ്വിച്ച് ഓൺ കർമ്മം ആലപ്പുഴ ജില്ലാ പോലീസ് മേധാവി കെ. എം. ടോമി നിർവ്വഹിച്ചു.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. പ്രിയേഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സർക്കിൾ ഇൻസ്പെക്ടർ നവാസ്, സബ് ഇൻസ്പെക്ടർ മധു, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് എം. ജി. രാജു ,തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജോതിസ്, പോലീസ് അസോസിയേഷൻ പ്രതിനിധി അനിൽ വാർഡ് മെമ്പർമാർ എന്നിവർ പങ്കെടുത്തു.