പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിനായി ജില്ലയില്‍ ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡുകള്‍ രൂപീകരിച്ചു. ജില്ലാതലത്തില്‍ ഒന്നും നിയോജക മണ്ഡലങ്ങളിലായി 12 സ്ക്വാഡുമാണ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക. ഒരു പൊലീസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ നാലുപേരാണ് സ്ക്വാഡില്‍ ഉള്ളത്. പൊതുയിടങ്ങള്‍, റോഡിന്റെ വശങ്ങള്, സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍, എം.എല്‍.എ, എം.പി എന്നിവരുടെ വികസന നേട്ടങ്ങള്‍ കാണിക്കുന്ന ഹോര്‍ഡിങ്ങുകള്‍, പരസ്യങ്ങള്‍, ബാനറുകള്‍, ബോര്‍ഡ്, എല്‍.ഇ.ഡി ഡിസ്പ്ലേ, കൊടികള്‍, പോസ്റ്റര്‍ തുടങ്ങിയവ നീക്കിയതായി സ്ക്വാഡ് നിരീക്ഷിച്ച് ഉറപ്പിക്കുകയും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അത് സംബന്ധിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. പരസ്യങ്ങള്‍ നീക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ രാഷ്ട്രീയപ്പാര്‍ട്ടികളോ വ്യക്തികളോ വീഴ്ച്ച വരുത്തിയാല്‍ സ്ക്വാഡുകള്‍ ഇവ സ്വമേധയാ നീക്കും. ഇതിന്റെ ചെലവ് സ്ഥാനാര്‍ഥിയുടെയോ രാഷ്ട്രീയപ്പാര്‍ട്ടിയുടെയോ തെരഞ്ഞെടുപ്പ് ചെലവില്‍ കണക്കാക്കുന്നതാണ്. വൈദ്യുത പോസ്റ്റുകള്‍, കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ അധീനതയിലുള്ള കെട്ടിടങ്ങള്‍, ചുമരുകള്‍ എന്നിവയും ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡ് കര്‍ശനമായി നിരീക്ഷിക്കും. പൊതുയിടങ്ങളിലെ പരസ്യം നീക്കുന്നത് ഉള്‍പ്പെടെയുള്ള സ്ക്വാഡിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ വീഡിയോ കവറേജ് നടത്തുന്നതാണ്.