കാക്കനാട്: പ്രളയ ദുരിതാശ്വാസത്തിന് അപ്പീൽ നൽകാൻ സർക്കാർ രണ്ടാമതും അവസരം നൽകിയപ്പോൾ ജില്ലയിൽ ലഭിച്ചത് 1,07000 അപേക്ഷകൾ. ജില്ലയിലെ പഞ്ചായത്തുകളിൽ ലഭിച്ച അപേക്ഷ്കളുടെ വിവരങ്ങൾ റീ ബിൽഡ് വെബ്സൈറ്റിലെ അപ് ലോഡിംഗ് പൂർത്തിയായി. തുടർ നടപടികൾക്കായി പഞ്ചായത്ത് സെക്രട്ടറിമാർക്കുള്ള പരിശീലനം ഇന്നലെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. ജില്ലാ കളക്ടർ എസ്.സുഹാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഓഫീസുകൾ ജനങ്ങൾക്ക് വേഗത്തിൽ സേവനങ്ങൾ എത്തിക്കുന്ന കേന്ദ്രങ്ങളായ് മാറണമെന്ന് കളക്ടർ പറഞ്ഞു. നിയമപരമായി ജനങ്ങൾക്കു ലഭിക്കേണ്ട സേവനങ്ങൾ ജനങ്ങൾക്കു നൽകണം. അത് എല്ലാവർക്കും ലഭിച്ചുവെന്ന് ഉറപ്പു വരുത്തുകയും വേണം. ജനങ്ങളുടെ ആവശ്യങ്ങൾ സംരക്ഷിക്കപ്പെടണ മെന്നും കളക്ടർ പറഞ്ഞു.
എട്ടിന് അപ്പീലിലുള്ള പരിശോധന വീടുകളിൽ നേരിട്ടെത്തി ആരംഭിക്കും. 12 ന് പൂർത്തിയാക്കും. 75 വീടുകൾക്ക് ഒരു ഉദ്യോഗസ്ഥനെയാണ് നിയമിച്ചിരിക്കുന്നത്. നിയമിതനായ ഉദ്യോഗസ്ഥൻ ഒരു ദിവസം 15 വീട് നിർബന്ധമായും സന്ദർശിച്ച് റിപ്പോർട്ട് നൽകണം. റിപ്പോർട്ടുകൾ അന്നന്നു തന്നെ അതാത് പഞ്ചായത്ത് സെക്രട്ടറിമാർക്കാണ് നൽകേണ്ടത്.
അപേക്ഷയോടൊപ്പം റേഷൻ കാർഡ് നമ്പർ നൽകിയില്ലെങ്കിൽ അപേക്ഷ പെൻഡിംഗ് ഫോൾഡറിലേക്കു പോകും. ഇതു സംബന്ധിച്ച് സെക്രട്ടറി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണം. 1.25 ലക്ഷം രൂപ മുതൽ രണ്ടാം ഗഡു സാമ്പത്തിക സഹായം ലഭിച്ചവർ അപ്പീൽ നൽകിയിട്ടുണ്ടെങ്കിൽ അവരെ പരിഗണിക്കില്ല. മുമ്പ് അപ്പീൽ നൽകിയവരെയും ഒഴിവാക്കും. വീട് പുനർ നിർമ്മിക്കാൻ സർക്കാരിൽ നിന്നും മറ്റ് സഹായങ്ങൾ ലഭിച്ച വരെ യും പരിഗണിക്കുന്നതല്ല