കാക്കനാട്:  ലൈഫ് ഭവന പദ്ധതിയിൽ ഗുണഭോക്താക്കളായി കണ്ടെത്തിയതും തീരദേശ പരിപാലന ചട്ടങ്ങൾ ( സി.ആർ.ഇസഡ്), നെൽവയൽ തണ്ണീർത്തട നിയമം എന്നിവയാൽ നിർമ്മാണം ആരംഭിക്കാൻ കഴിയാത്തതുമായ അപേക്ഷകളിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് നിർദ്ദേശം നൽകി.

ലൈഫ് പദ്ധതിക്ക് കീഴിൽ പരമാവധി പേർക്ക് വീട് ലഭ്യമാക്കുന്നതിനായി സിവിൽ സ്റ്റേഷനിൽ ചേർന്ന തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരുടെ അവലോകന യോഗത്തിൽ ഈ മാസം 31 ന് മുൻപായി പരമാവധി ലൈഫ് ഗുണഭോക്താക്കളെ കരാറിൽ ഉൾപ്പെടുത്തണമെന്ന് കളക്ടർ നിർദ്ദേശിച്ചു. ലൈഫ് ഭവന പദ്ധതിയിൽ ജില്ലയിൽ 156 സി.ആർ.ഇസഡ് അപേക്ഷകളാണ് ഉള്ളത്. ഈ മാസം 25 ന് ജില്ലാതല സി.ആർ.ഇസഡ് കമ്മറ്റി ചേരുന്നതിന് മുൻപായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും അപേക്ഷകൾ ജില്ലാതല മോണിറ്ററിംഗ് സമിതിയിലേക്ക് അയക്കാൻ കളക്ടർ നിർദേശം നൽകി. ഓണത്തിന് മുൻപായി 80 ശതമാനം ലൈഫ് ഗുണ ഭോക്താക്കൾക്കും വീട് നിർമ്മിച്ച് നൽകുന്നത് ലക്ഷ്യമിട്ടാണ് പ്രവർത്തനം.

സിവിൽ സ്റ്റേഷൻ പ്ലാനിംഗ് ഹാളിൽ നടന്ന യോഗത്തിൽ ലൈഫ് മിഷൻ ജില്ലാ കോഡിനേറ്റർ ഏണസ്റ്റ് സി. തോമസ്,പ്രിൻസിപ്പൽ കൃഷി ഓഫീസർ ലേഖ കാർത്തി, വിവിധ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.

ക്യാപ്ഷൻ

ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ നടന്ന ലൈഫ് മിഷൻ ജില്ലാതല അവലോകന യോഗം.