‘മാതാപിതാക്കളെ ശാക്തീകരിക്കൂ, മുലയൂട്ടലിന് പ്രാപ്തരാക്കൂ’ എന്ന സന്ദേശം പകര്‍ന്ന് സംഘടിപ്പിച്ച ജില്ലാതല മുലയൂട്ടല്‍ വാരാചരണത്തിന് സമാപനമായി. ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം, വനിത-ശിശുക്ഷേമ വകുപ്പ്, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായ     പരിപാടി നടത്തിയത്.

സമാപന സമ്മേളനം ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യം ഉറപ്പാക്കുന്നതിനൊപ്പം കടമയെന്ന നിലയിലും മുലയൂട്ടലിന് പ്രാധാന്യമുണ്ട്. ഗര്‍ഭാവസ്ഥയില്‍ തന്നെ മുലയൂട്ടുന്നതിന്റെ  പ്രാധാന്യം ആശാവര്‍ക്കര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് അമ്മമാരെ  ബോധ്യപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

വാരാചരണത്തിന്റെ  ഭാഗമായി സമൂഹമാധ്യമങ്ങളിലൂടെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും ജില്ലാ കലക്ടര്‍ വിതരണം ചെയ്തു.
ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. കൃഷ്ണവേണി  അധ്യക്ഷയായി. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് പ്രസിഡന്റ് ഡോ. ഷബീര്‍, സെക്രട്ടറി ഡോ. ബാലചന്ദ്രന്‍, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടിജു റേച്ചല്‍ തോമസ്, വിക്‌ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ. സൈജു ഹമീദ്, സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ മിനി. എസ് നായര്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഗീതാമണി അന്തര്‍ജനം തുടങ്ങിയവര്‍ സംസാരിച്ചു.

നഴ്‌സിംഗ് വിദ്യാര്‍ഥികള്‍, അങ്കണവാടി പ്രവര്‍ത്തകര്‍,  ആരോഗ്യവകുപ്പ് ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍  തുടങ്ങിയവര്‍  പങ്കെടുത്തു. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് ജില്ലാ സെക്രട്ടറി ഡോ. റോയി നന്ദി പറഞ്ഞു. ‘മുലയൂട്ടലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍’ എന്ന വിഷയത്തില്‍ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് പോളിസീസ് ആന്റ് പ്ലാനിംഗിലെ ഡോ. രാജ്‌മോഹന്‍ ക്ലാസെടുത്തു.

ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് രാജു തോമസ് മുലയൂട്ടലുമായി ബന്ധപ്പെട്ട  കവിത അവതരിപ്പിച്ചു. കടപ്പാക്കട ജംഗ്ഷനില്‍ തുടങ്ങി ഐ.എം.എ ഹാളില്‍ അവസാനിച്ച റാലിയോടെയാണ് സമാപനദിന പരിപാടികള്‍ തുടങ്ങിയത്.