ആകെ ലഭിച്ച 102 പരാതികളില്‍ 87ലും നടപടി


കൊല്ലം: വനം സംബന്ധിയായ പൊതുജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തിര പരിഹാരവുമായി വന അദാലത്ത്.  ആകെ ലഭിച്ച 102 പരാതികളില്‍ 87ലും അതിവേഗ നടപടി. 70 എണ്ണത്തില്‍ അനുകൂല തീരുമാനം കൈകൊണ്ടപ്പോള്‍ 17 എണ്ണം  നിരസിച്ചു.  സ്ഥലപരിശോധനയടക്കമുള്ള അന്വേഷണത്തിന് ശേഷമാണ് പരാതികള്‍ നിരസിച്ചത്. ആദ്യം പതിനഞ്ചോളം പരാതികളില്‍ വിവിധ വകുപ്പുകളുടെ ഇടപെടല്‍ അനിവാര്യം ആയതിനാല്‍ തുടര്‍നടപടികള്‍ക്കായി  മാറ്റിവച്ചു. അദാലത്ത് ദിവസം പുതുതായി 137 പരാതികള്‍ ലഭിച്ചു.

അദാലത്തില്‍ ലഭിച്ച പരാതികള്‍ പരിശോധിച്ച് ഒരു മാസത്തിനകം നടപടി വിവരങ്ങള്‍ പരാതിക്കാരെ നേരിട്ടറിയിക്കുമെന്ന് വനം മന്ത്രി കെ രാജു അറിയിച്ചു. അദാലത്തുകള്‍ക്കെല്ലം മാതൃകയാക്കാവുന്ന തരത്തിലാണ് വന അദാലത്തുകള്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൊല്ലം പുനലൂര്‍ ചെമ്മന്തൂരിലെ കെ കൃഷ്ണപിള്ള സംസ്‌ക്കാരിക നിലയത്തില്‍ അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷി നാശം, വന്യജീവി ആക്രമണം, അപകടകരമായ മരങ്ങള്‍ മുറിക്കല്‍, ആനയുടെ ഉടമസ്ഥാവകാശം, തടി വ്യവസായ യൂണിറ്റുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ജണ്ട നിര്‍മാണം എന്നിവ സംബസിച്ച പരാതികളാണ്  ലഭിച്ചതിലേറെയും. വിവിധ പരാതികളിലായി നാലു ലക്ഷത്തിമുപ്പത്തി ആറായിരം രൂപ  നഷ്ടപരിഹാരമായി  വിതരണം ചെയ്തു.

സംസ്ഥാനത്തെ മൂന്നാമത്തെ അദാലത്താണ് കൊല്ലത്ത് നടന്നത്. പുനലൂര്‍ നഗരസഭ അധ്യക്ഷന്‍ കെ രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, തെന്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ ലൈലജ, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത രാജേഷ്, കൗണ്‍സിലര്‍ ബി സുരേന്ദ്രനാഥ തിലകന്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രന്‍, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കെ വിജയാനന്ദന്‍, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.