കാക്കനാട്: കുടുംബങ്ങളുടെ വിവരശേഖരണത്തിനായി വീടുകളിൽ എത്തുന്ന അങ്കണവാടി പ്രവര്‍ത്തകരോട് സഹകരിക്കണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് അറിയിച്ചു. സ്മാര്‍ട്ട്‌ഫോണുകളിലാണ് വിവര ശേഖരണം നടത്തുന്നത്. ദേശീയ പോഷകാഹാര മിഷന്റെ ഭാഗമായി അംഗനവാടികള്‍ മുഖേന നല്‍കി വരുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുകയാണ് സർവേയുടെ ലക്ഷ്യം. രാജ്യത്താകമാനം കോമൺ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ (CAS) ഉപയോഗിച്ചാണ് ഗുണഭോക്താക്കളുടെ വിവരശേഖരണം. വനിത, ശിശുവികസനവകുപ്പ് ഇതിനായി സംസ്ഥാനത്തെ മുഴുവന്‍ അംഗനവാടി വര്‍ക്കമാര്‍ക്കും സൗജന്യമായി സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി.
ഫോണുകളുടെ ഉപയോഗം, സര്‍വ്വേ വിവരങ്ങള്‍ സൂക്ഷിക്കല്‍ എന്നിവ സംബന്ധിച്ച് പരിശീലനപരിപാടിയും സംഘടിപ്പിച്ചു. റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ഫ്ലാറ്റ് ഉടമകൾ എന്നിവരും ഇക്കാര്യത്തിൽ പരിപൂർണ്ണ പിന്തുണയും, സഹകരണവും ഉറപ്പാക്കണമെന്നും ജില്ലയിലെ സർവ്വേ 100 ശതമാനം പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തിനായി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്നും കളക്ടർ അറിയിച്ചു.