അങ്കമാലി : കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിവ് തടയുന്നതിനും കാര്‍ഷികരംഗത്ത് പുത്തനുുണർവ്സൃഷ്ടിക്കുന്നതിനുമായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് താബോര്‍ ഡിവിഷനില്‍ വെജിറ്റബിള്‍ ആൻഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആനപ്പാറ സ്വയാശ്രയ കാര്‍ഷിക വിപണിയില്‍ നിര്‍മ്മിച്ച കാര്‍ഷിക വ്യവസായ യൂണിറ്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം റോജി.എം.ജോണ്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി പോള്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ടി.എം. വര്‍ഗ്ഗീസ് പ്രോജക്ട് അവതരിപ്പിച്ചു.
പഴം, പച്ചക്കറി, ഉല്‍പ്പാദന, വിപണനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ആനപ്പാറ വിപണിയില്‍ തുറവൂര്‍, മഞ്ഞപ്ര, മൂക്കന്നൂര്‍, അയ്യംമ്പുഴ പഞ്ചായത്തുകളിലെ അറുനൂറോളം കര്‍ഷകര്‍ അംഗങ്ങളാണ്. ആഴ്ചതോറും ഞായറാഴ്ചകളില്‍ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും നടന്നു വരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കച്ചവടക്കാരാണ് ഉല്‍പ്പന്നങ്ങള്‍ ലേലം വിളിക്കുന്നത്. ക്രിത്രിമ വിലയിടിവ് തടയുന്നതിനുള്ള ഉപാധിയായിട്ടാണ് കാര്‍ഷികവിളകളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് സൗകര്യം ഒരുക്കുന്നതെന്ന് ഡിവിഷന്‍ മെമ്പര്‍ ടി.എം. വര്‍ഗ്ഗീസ് പറഞ്ഞു.
നാട്ടില്‍ ധാരളമായുണ്ടാകുന്ന ചക്ക, ഏത്തക്കായ എന്നിവയില്‍ നിന്ന് ചിപ്‌സ് നിര്‍മ്മിക്കുക, പഴങ്ങളും പച്ചക്കറികളും ഉണക്കി പൗഡര്‍ ഉണ്ടാക്കുക എന്നിവയാണ് പദ്ധതിയില്‍ വിഭാവനം ചെയ്യുന്നത്. വിപണിയിലെ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പരിശീലനം നല്‍കി അവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന സംരഭംകഗ്രൂപ്പാണ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.