കൊറോണ വൈറസ്ബാധയുമായി ബന്ധപ്പെട്ട രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിലെ പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതായി ജില്ലാ കലക്ര് ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ആശങ്കപ്പെടേണ്ടതില്ല എങ്കിലും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കലക്ട്രേറ്റില്‍ നടന്ന പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി പ്രതിരോധമാര്‍ഗങ്ങളുമായി ബന്ധപ്പെട്ട ബോധവത്കരണം ഡോക്ടര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ക്ക് നല്കിവരുന്നു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടി എന്നിവിടങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഹോംസ്റ്റേ, ഹോട്ടലുകള്‍, പൊതുപരിപാടികള്‍ തുടങ്ങിയവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ വരുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കലക്ടര്‍ അറിയിച്ചു.
വീടുകളിലുള്ള 180 പേര് ഉള്‍പ്പെടെ 187 പേര് ജില്ലയില്‍ നിരീക്ഷണത്തിലാണെന്ന് ഡി എം ഒ അറിയിച്ചു. ആരോഗ്യവകുപ്പ് പ്രത്യേക കണ്ട്രോള് ടീമിനെ സജ്ജമാക്കി. എല്ലാദിവസവും രാവിലെയും വൈകിട്ടും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ജില്ലയില്‍ ഇതുവരെയും കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചിട്ടില്ല ഡി എം ഒ പറഞ്ഞു.
പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് കണ്ട്രോള് റൂം തുറന്നു. കണ്ട്രോള് റൂം ഫോണ്‍ നമ്പര്‍: 0474-2797609, 8589015556.
യോഗത്തില്‍ മേയര്‍ ഹണി ബെഞ്ചമിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, സബ് കലക്ടര്‍ അനുപം മിശ്ര, ഡി എം ഒ ഡോ വി വി ഷേര്‍ലി, ഡെപ്യൂട്ടി ഡി എം ഒ മാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു