കൊറോണ വൈറസ് വ്യാപനത്തെ നേരിടാന്‍ ജില്ലാ പൂര്‍ണ്ണ സജ്ജമാണ് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.ജില്ലയില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കളക്ടര്‍ അടിയന്തിര യോഗം വിളിച്ചുചേര്‍ത്ത് സാഹചര്യം വിലയിരുത്തിയത്.ചൈനയില്‍ നിന്ന് ജില്ലയില്‍ എത്തിയ 86 പേരില്‍ ഒരാള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇത്. 85 പേര് വീടുകളില്‍ നിരീക്ഷണത്തിലാണ്. വൈറസ് ബാധിച്ചയാളുടെ ആരോഗ്യനില പൂര്‍ണ്ണ തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണെമെന്നും കളക്ടര്‍ അറിയിച്ചു.
കണ്ട്രോള് റൂം തുറന്നു: ചൈനയില്‍ നിന്ന് വന്നവര്‍ റിപ്പോര്‍ട്ട് ചെയ്യണം
കാഞ്ഞങ്ങാട് ഡി എം ഒ ഓഫീസില്‍ അടിയന്തിര സാഹചര്യത്തെ നേരിടാന്‍ കണ്ട്രോള് റൂം തുറന്നു. ചൈനയില്‍ നിന്ന് ജില്ലയില്‍ എത്തിയ മുഴുവന്‍ പേരും കണ്ട്രോള് റൂമില്‍ റിപ്പോര്‍ട്ട് ചെയ്യണം. കണ്ട്രോള് റൂം നമ്പര്‍ 9946000493,0467 2217777, ദിശ ടോള്‍ ഫ്രീ നമ്പര്‍ 0471 2552056. ഇവര്‍ പൊതുജനാരോഗ്യത്തെയും വ്യക്തി സുരക്ഷയെയും മുന്‍നിര്‍ത്തി പൊതുപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കണം.
15 ഉപസമിതികള്‍ രൂപീകരിച്ചു
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ 15 ഉപസമിതികള്‍ പ്രവര്‍ത്തനമാരംഭിച്ചു. എല്ലാ ദിവസവും വൈകീട്ട് 4.30 ന് ഉപസമിതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. വൈകീട്ട് ഏഴിന് ഔദ്യോഗിക ആരോഗ്യ വാര്‍ത്താ കുറിപ്പ് പ്രസിദ്ധീകരിക്കും. അടിയന്തിര സാഹചര്യം നേരിടാന്‍ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ 108 ആംബുലന്‍സ് സേവനവും ഒരുക്കിയിട്ടുണ്ട്.
34 ഐസലോഷന് മുറികള്‍ സജ്ജം
കൊറോണ വൈറസ് വ്യാപനം തടയുന്നതിന് 34 ഐസലോഷന് മുറികള്‍ സജ്ജമാക്കി. ജില്ലാ ആശുപത്രിയില്‍ 18 ഐസലോഷന് മുറികളും ജനറല്‍ ആശുപത്രിയില്‍ 12 ഐസലോഷന് മുറികളും സ്വകാര്യ ആശുപത്രിയില്‍ നാല് ഐസലോഷന് മുറികളുമാണ് ഒരുക്കിയിരിക്കുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ ഐസലോഷന് മുറികള്‍ ആരംഭിക്കും.
സംശയ നിവാരണത്തിന് കൗണ്‍സലിങ് സെന്റര്‍
കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള സംശയ നിവാരണത്തിന് കാഞ്ഞങ്ങാട്, കാസര്‍കോട് റെസ്റ്റ് ഹൗസില്‍ കൗണ്‍സിലങ് സെന്റര്‍ ആരംഭിക്കും. സെന്ററില്‍ മനോരോഗ വിദഗ്ധരുടെ സേവനവും ഉണ്ടായിരിക്കും
24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍
കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയുന്നതിനും കൈമാറുന്നതിനും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിലും കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കും.
കൊറോണ വൈറസ് വ്യാപനത്തെ നേരിടാന്‍ കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തില്‍ ജില്ലാ കളക്ടര്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം എന്‍ ദേവിദാസ്, ഡെപ്യൂട്ടി ഡി എം ഒ മാരായ ഡോ.എ വി രാംദാസ,് ഡോ എ ടി മനോജ്,ഡോ കെ കെ ഷാന്റി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ രാമന് സ്വാതി വാമന്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ കെ വി പ്രകാശന്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാജറാം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്, ജില്ലാ ടി ബി ഓഫീസര്‍ ഡോ ടി പി ആമിന, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എസ് സയന, ഡിഡിഇ കെ വി പുഷ്പ, മലേറിയ ഓഫീസര്‍ പ്രകാശന്, സ്റ്റോര്‍ വെരിഫിക്കേഷന് ഓഫീസര്‍ ജയകുമാരി, പി എച്ച് എന്‍ ശ്രീമണി എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു
കൊറോണ വൈറസിനെതിരെ ജാഗ്രത പാലിക്കാം
ചൈനയില്‍ നിന്നും മറ്റു കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ പരിചയക്കാര്‍ക്കോ കൊറോണ വൈറസുമായി ബന്ധപെട്ട രോഗലക്ഷണങ്ങള്‍ കാണുകയാണെകില്‍ അധികൃതരെ എത്രയും പെട്ടന്ന് വിവരം അറിയിക്കണം. പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസം മുട്ടല്‍, ശ്വാസ തടസം തുടങ്ങിയവയാണ് കൊറോണ വൈറസ് ബാധിച്ചതിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങളുള്ളവരുടെ സ്രവം, മൂത്രം, കഫം, രക്തം എന്നിവ ലബോറട്ടറി പരിശോധനയ്ക്കു വിധേയമാക്കി രോഗ നിര്‍ണ്ണയം ഉറപ്പുവരുത്താം. പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ, ജനറല്‍ ആശുപത്രികളില്‍ പ്രത്യേകം ഐസോലേഷന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ട്രോള് സെല്‍ നമ്പര്‍ 9946000493
പ്രതിരോധ മാര്‍ഗങ്ങള്‍
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മറക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ കഴുകുക. വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ തുടങ്ങി കുട്ടികള്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ കൈകഴുകുന്ന ശീലത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുക. കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണുകള്‍, മൂക്ക,് വായ തുടങ്ങിയ ഭാഗങ്ങളില്‍ തൊടരുത്. അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക. മത്സ്യ മാംസാദികള്‍ നന്നായി ചൂടാക്കി പാചകം ചെയ്തു ഉപയോഗിക്കുക. പനി, ചുമ തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണുക. പനിയുള്ളവര്‍ ഉപയോഗിച്ച സാധനങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.
108ല്‍ വിളിക്കൂ; അടിയന്തരഘട്ടങ്ങളില്‍ ഓടിയെത്താന്‍
ജില്ലയില്‍ 14 ആംബുലന്‍സുകള്‍
അടിയന്തര സാഹചര്യങ്ങളില്‍ രോഗികളെയും അപകടങ്ങളില്‍ പെടുന്നവരെയും സൗജന്യമായി ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തിക്കാന്‍ ജില്ലയില്‍ ആംബുലന്‍സുകള്‍ സജ്ജം. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കനിവ് പദ്ധതി പ്രകാരം 14 ആംബുലന്‍സുകളെയാണ് ജില്ലയില്‍ വിവിധ മേഖലകളിലായി വിന്യസിച്ചിട്ടുള്ളതെന്ന് പദ്ധതി ജില്ലാതല പ്രവൃത്തി അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു. അടിയന്തരഘട്ടങ്ങളില്‍ ആവശ്യമുള്ളവര്‍ 108 എന്ന നമ്പറില്‍ ഡയല് ചെയ്യുക മാത്രമാണ് വേണ്ടത്. അടിയന്തിര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സേവനം പ്രയോജനപ്പെടുത്തണമെന്നും ദുരുപയോഗം ചെയ്യരുതെന്നും കളക്ടര്‍ പറഞ്ഞു. ബദിയഡുക്ക, ബേഡഡുക്ക, മംഗല്പാടി, ചെറുവത്തൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം, മുളിയാര്‍, പനത്തടി, പെരിയ, തൃക്കരിപ്പൂര്‍, ഉദുമ, വെള്ളരിക്കുണ്ട് എന്നിവിടങ്ങളിലെ ആരോഗ്യകേന്ദ്രങ്ങളിലാണ് ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുക. ഡ്രൈവറും പരിശീലനം ലഭിച്ച ജീവനക്കാരനുമായിരിക്കും ആംബുലന്‍സിലുണ്ടാവുക. ആംബുലന്‍സുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരത്ത് നിന്നാണ് ഏകോപിക്കുന്നത്.
ഡെപ്യൂട്ടി ഡിഎംഒ ഡോ. രാംദാസ്, എന്‍എച്എം ഡിപിഎം ഡോ. രാമന് സ്വാതി വാമന്‍, ആര്‍ടിഒ എസ് മനോജ്, കെഎംസിഎല്‍ പ്രതിനിധി രാജീവ് ശങ്കര്‍, കനിവ് ജില്ലാ കോഡിനേറ്റര്‍ കെ പി രമേശന് തുടങ്ങിയവര്‍ സംബന്ധിച്ചു.
കൊറോണ വൈറസിനെതിരെ ജാഗ്രതയുമായി
നീലേശ്വരം നഗരസഭ
സംസ്ഥാനത്ത് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നീലേശ്വരം നഗരസഭ വിപുലമായ യോഗം ചേര്‍ന്നു. നീലേശ്വരം നഗരസഭ ചെയര്മാന് പ്രൊഫ.കെ.പി.ജയരാജന് ഉദ്ഘാടനം ചെയ്തു. ആശങ്കയല്ല, ജാഗ്രതയാണ് വേണ്ടത് എന്നും ജനങ്ങളില്‍ ഭീതി ഉളവാക്കത്തക്കരീതിയിലുള്ള പ്രചരണങ്ങളില്‍ നിന്നു മാറി നിന്നുകൊണ്ട് ജാഗ്രതയോടുകുടിയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളാണ് സംഘടിപ്പി ക്കേണ്ടതെന്നും പ്രൊഫ. കെ.പി. ജയരാജന് പറഞ്ഞു.
യോഗത്തില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് തോട്ടത്തില്‍ കുഞ്ഞിക്കണ്ണന് അധ്യക്ഷനായി.
നീലേശ്വരം താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ:വി.സുരേശന് കോറോണ വൈറസ് പ്രതിരോധത്തിന് അറിയേണ്ടത് എന്തൊക്കെ എന്ന വിഷയത്തിലും നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ:ജമാല്‍ അഹമ്മദ് വൈറസ് ബാധയെക്കുറിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു.
നീലേശ്വരം നഗരസഭ തയ്യാറാക്കിയ ഹെല്‍ത്ത് ബുള്ളറ്റിന് നഗരസഭാ ചെയര്മാന് പ്രകാശനം ചെയ്തു. നഗരസഭാ പ്രദേശത്ത് മുഴുവന്‍ വീടുകള്‍ കയറി ലഘുലേഖ വിതരണം ചെയ്ത് സ്ക്വാഡ് പ്രവര്‍ത്തനം നടത്തുന്നതിന് യോഗം തീരുമാനിച്ചു. മുഴുവന്‍ വാര്‍ഡുകളിലും ഡേ ബ്ലോക്ക് തിരിച്ച് ബോധവല്‍ക്കരണവും പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന് ആരോഗ്യ ശുചിത്വകമ്മിറ്റികളുടെ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, കുടുംബശ്രീ അയല്‍ക്കുട്ടം വളണ്ടിയര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സ്ക്വാഡ് രൂപീകരിക്കുന്നതിനും നഗരശുചീകരണം കാര്യക്ഷമമാക്കുന്നതിനും തീരുമാനിച്ചു.
യോഗത്തില്‍ നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ:ജമാല്‍ അഹമ്മദ് വൈറസ് ബാധയെക്കുറിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് തോട്ടത്തില്‍ കുഞ്ഞിക്കണ്ണന് അദ്ധ്യക്ഷതവഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ വി.ഗൗരി, സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.കെ.കുഞ്ഞികൃഷ്ണന്, പി.എം.സന്ധ്യ, കൗണ്‍സിലര്‍മാരായ പി.കുഞ്ഞികൃഷ്ണന്, എറുവാട്ട് മോഹനന്, പി.ഭാര്‍ഗ്ഗവി, കെ.വി.ഉഷ, താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.ശശിധരന്, ജെ.എച്ച്.ഐ ശ്രീജിത്ത്.എ.വി, ബി.ബാലകൃഷ്ണന്, വാര്‍ഡ് ആരോഗ്യ ശുചിത്വ കമ്മിറ്റി അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, കുടുംബശ്രീ സി ഡി എസ് അംഗങ്ങള്‍, താലൂക്ക്ആശുപത്രി ആരോഗ്യ വിഭാഗം ജീവനക്കാര്‍, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാര്‍ തുടങ്ങി 250 ഓളം പേര് യോഗത്തില്‍ പങ്കെടുത്തു. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുബൈര്‍.കെ.പി. സ്വാഗതവും ജെ.എച്ച്.ഐ രാജന്.ടി.വി നന്ദിയും പറഞ്ഞു
—