കണ്ണൂർ:   പയ്യന്നൂരില്‍ പുതുതായി നിര്‍മിക്കുന്ന കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പയ്യന്നൂരിലെ പഴയ മുന്‍സിഫ് കോടതി കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതുതായി കെട്ടിടം നിര്‍മ്മിക്കുന്നത്. പതിനാല് കോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെ ആറ് നിലകളിലായാണ് കെട്ടിടം. 4555 സ്‌ക്വയര്‍ മീറ്ററില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ മജിസ്ട്രേറ്റ് കോടതി, മുന്‍സിഫ് കോടതി എന്നിവയ്ക്കുപുറമെ ഒരു അഡീഷണല്‍ ജില്ലാ കോടതിക്കുകൂടി സ്ഥലം നീക്കിവെച്ചിട്ടുണ്ട്.

വാഹന പാര്‍ക്കിങ്, കാന്റീന്‍ സൗകര്യങ്ങളും ഒരുക്കും. ആദ്യനിലയില്‍ ബാര്‍ അസോസിയേഷന്‍ ഹാള്‍, ലേഡി അഡ്വക്കറ്റ് റൂം, അഡ്വക്കറ്റ് ക്ലാര്‍ക്ക് റൂം, ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നിയമസഹായ കേന്ദ്രം, മീഡിയേഷന്‍ റൂമുകള്‍, ജുഡീഷ്യല്‍ എന്‍ക്വയറി ഓഫീസ്, കോടതിയില്‍ എത്തുന്ന പോലീസ് ഓഫീസര്‍മാര്‍ക്കുള്ള മുറി, കക്ഷികള്‍ക്കുള്ള വിശ്രമകേന്ദ്രം, പൊതു ശൗചാലയം എന്നിവയുമുണ്ടാകും. ഒന്നാംനിലയില്‍ മജിസ്ട്രേറ്റ് കോടതിയും രണ്ടാംനിലയില്‍ മുന്‍സിഫ് കോടതിയും പ്രവര്‍ത്തിക്കും. എല്ലാ കോടതികളിലും കോര്‍ട്ട് ഹാളിനോടുചേര്‍ന്ന് ഇരുനൂറുപേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന വീഡിയോ കോണ്‍ഫറന്‍സ് ഹാളും ഒരുക്കും.

സി കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് മുഖ്യാതിഥിയായി. രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി., ടി വി രാജേഷ് എംഎല്‍എ, പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് ജഡ്ജ് ടി ഇന്ദിര, പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ കൗണ്‍സിലര്‍ എ കെ ശ്രീജ, പയ്യന്നൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. സി വി രാമകൃഷ്ണന്‍, പിഡബ്ല്യുഡി സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ സൈജ മോള്‍, പയ്യന്നൂര്‍ സബ്ബ് ജഡ്ജ് കെ ആര്‍ സുനില്‍ കുമാര്‍, എന്‍ ജേക്കബ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.