കണ്ണൂർ: കൊറോണയുടെ സമൂഹവ്യാപനം തടയുന്നതിനായുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി നാളെ (ബുധന്‍) മുതല്‍ ജില്ലയില്‍ മരുന്നുകള്‍ വാങ്ങുന്നതിന് ഹോംഡെലിവറി സംവിധാനത്തെ ആശ്രയിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. മരുന്നുകള്‍ വാങ്ങുന്നതിനായി റോഡിലിറങ്ങുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവെന്ന പോലിസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.
മരുന്നുകള്‍ ആവശ്യമുള്ളവര്‍ നിലവില്‍ തദ്ദേശസ്ഥാപന തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളിലേക്ക് വിളിച്ചറിയിച്ചാല്‍ അവ വീടുകളിലെത്തിക്കാന്‍ സംവിധാനം ഒരുക്കിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു. കണ്ണൂര്‍ നഗരപ്രദേശങ്ങളിലുള്ളവര്‍ക്ക് ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററില്‍ ബന്ധപ്പെടാം.
ജില്ലയില്‍ കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 10 തദ്ദേശ സ്ഥാപനങ്ങളില്‍ ആളുകളുടെ സഞ്ചാരത്തിനും കൂട്ടംകൂടുന്നതിനും നിയന്ത്രണം നിലവിലുണ്ട്. കൊറോണ ബാധ സ്ഥിരീകരിച്ച മറ്റ് തദ്ദേശ സ്ഥാപനങ്ങളിലുള്ളവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണെന്നും അവലോകന യോഗം വിലയിരുത്തി.
ലോക്ഡൗണ്‍ ദിവസങ്ങള്‍ കടന്നുപോകുന്നതിനനുസരിച്ച് ജനങ്ങളുടെ ജാഗ്രതയില്‍ കുറവുണ്ടാവരുത്. ഇതുമായി ബന്ധപ്പെട്ട് നടപടികള്‍ കര്‍ശനമാക്കാന്‍ പോലിസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങളോട് പൂര്‍ണമായി സഹകരിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.
ജില്ലയിലെത്തുന്ന മല്‍സ്യങ്ങള്‍ ഫോര്‍മാലിന്‍ കലര്‍ന്നതും മാസങ്ങളുടെ പഴക്കമുള്ളതുമാണെന്ന് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ യോഗത്തില്‍ തീരുമാനമായി. ജില്ലാ അതിര്‍ത്തികളില്‍ മല്‍സ്യ വാഹനങ്ങള്‍ പരിശോധന നടത്തും. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ക്കു പുറമെ, മില്‍മ വഴി പാല്‍ ലഭ്യമാക്കുന്ന നടപടി ജില്ലയില്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഇടവിട്ട ദിവസങ്ങളില്‍ ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലും ഇത് നടപ്പിലാക്കാനും യോഗം തീരുമാനിച്ചു.
കൊറോണയുമായി ബന്ധപ്പെട്ട് ആളുകള്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ വീടുകളും കെട്ടിടങ്ങളും അണുവിമുക്തമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപടികളെടുക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. മേയര്‍ സുമ ബാലകൃഷ്ണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, അഡീഷനല്‍ എസ്പി പ്രജീഷ് തോട്ടത്തില്‍, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, എഡിഎം ഇ പി മേഴ്സി, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. മരുന്ന് ലഭ്യതയുമായി ബന്ധപ്പെട്ട് അടിയന്തര സഹായം ആവശ്യമുള്ളവർക്ക് 9400066063 എന്ന നമ്പറില്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം.