പൊളിച്ചുനീക്കുന്ന കടകള്‍ക്ക് വിപണിവില നഷ്ടപരിഹാരമായി നല്‍കും: മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

കണ്ണനല്ലൂരില്‍ സ്ഥാപിക്കുന്ന ആധുനിക മാര്‍ക്കറ്റ് ഷോപ്പിങ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു. വികസനത്തിനായി പൊളിച്ചു നീക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് നഷ്ടപരിഹാരമായി വിപണിവില നല്‍കുമെന്ന് മന്ത്രി പറഞ്ഞു. 2322.75 ചതുരശ്രമീറ്റര്‍ നിര്‍മിക്കുന്ന മാര്‍ക്കറ്റ് കോംപ്ലക്സിന് അനുബന്ധമായി റോഡ് വികസനവും നടക്കും. എട്ടു മാസത്തിനുള്ളില്‍ കോംപ്ലക്സിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയുള്ള 26 കോടി രൂപയുടെ കണ്ണനല്ലൂര്‍ ജങ്ഷന്‍ വികസനത്തിന്റെ ഭാഗമായി നബാര്‍ഡിന്റെ സഹായത്തോടെ അഞ്ച് കോടി രൂപയാണ് ഷോപ്പിങ് കോംപ്ലക്സിനായി ചെലവഴിക്കുന്നത്. പത്തേക്കറോളം വരുന്ന കണ്ണനല്ലൂരിലെ സ്ഥലത്ത് 40 സെന്റിലാണ് കോംപ്ലക്സ് നിര്‍മാണം നടക്കുക. ഇവിടെയുള്ള ക്ഷേത്രത്തിന് യാതൊരു തടസവും സൃഷ്ടിക്കാതെയാവും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുക.  അനാവശ്യ തടസവാദങ്ങള്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ എല്ലാ മാര്‍ക്കറ്റുകളും ആധുനിക വത്കരിക്കുന്നതിനും പദ്ധതി നടന്നു വരികയാണ്. തങ്കശ്ശേരി, കടപ്പാക്കട, പള്ളിമുക്ക്, മൂന്നാം കുറ്റി, ചാത്തന്നൂര്‍, പരവൂര്‍, കൊട്ടാരക്കര, പുനലൂര്‍, അഞ്ചല്‍ തുടങ്ങി ജില്ലയിലെ  18 മാര്‍ക്കറ്റുകളാണ് ആദ്യഘട്ടത്തില്‍ നവീകരിക്കുക. ഫിഷറീസ് വകുപ്പിന്റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. കരിക്കോട് മാര്‍ക്കറ്റ് നവീകരണം ഇതിനോടകം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഇവിടെ മത്സ്യസംസ്‌കരണത്തിനുള്ള ആധുനിക സംവിധാനങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

കെ ട്രെയിനിന്റെ കൊല്ലത്തെ സ്റ്റേഷനായി തൃക്കോവില്‍വട്ടം മാറ്റപ്പെടുമെന്ന സാധ്യതകൂടി പരിഗണിക്കുമ്പോള്‍ കണ്ണനല്ലൂര്‍ ജങ്ഷന്‍ വികസനത്തിന് വര്‍ധിച്ച പ്രാധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു. തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ സുലോചന അധ്യക്ഷത വഹിച്ചു. തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക് ടര്‍ പി എ ഷെയ്ക് പരീത്, കണ്ണനല്ലൂര്‍ ലൈബ്രറി പ്രസിഡന്റ് എ അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ലൈബ്രറി, നാല് കടമുറികള്‍,  ആധുനിക മത്സ്യ സ്റ്റാളുകള്‍, ഫ്രീസര്‍ മുറി എന്നിവയും മുകളിലത്തെ നിലയില്‍ ചെറിയഹാളും ആറ് കടമുറികളുമാണ് ഉള്‍പ്പെടുത്തിയിരിക്കുത്. ബ്ളോക്ക് രണ്ടില്‍ സെല്ലാര്‍ ഉള്‍പ്പെടെ മൂന്ന് നിലകളായാണ് നിര്‍മിക്കുന്നത്.   സെല്ലാറില്‍ ഒന്‍പത് കടമുറികളും ഒന്നാമത്തെ നിലയില്‍ 11 കടമുറികളും രണ്ടാമത്തെ നിലയില്‍ 10 കടമുറികളും ഓഫീസ് മുറിയും ഉണ്ടായിരിക്കും.   രണ്ട് ബ്ളോക്കുകളിലുമായി നാല്‍പത് കടമുറികളാണ് ഉണ്ടാവുക.