കാസർഗോഡ്: സി ആര്‍ പി സി 144 പ്രകാരം നിരോധനാജ്ഞ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ എല്ലാ ദിവസവും രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെ എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ ഒന്നിടവിട്ട ദിവസങ്ങളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രം തുറക്കുന്നതിനാണ് അനുമതി.
ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍ എല്ലാ കടകളും രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറ് വരെ തുറക്കാം. എന്നാല്‍ കടകളില്‍ ആളുകള്‍ കൂട്ടം കൂടരുത്. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കൃത്യമായി ഉപയോഗിക്കുകയും സാമൂഹ്യ അകലം പാലിക്കണം. ഇത് ഉറപ്പു വരുത്തേണ്ടത് കടയുടമകളാണ്. കടകളിലെ ജീവനക്കാര്‍ മാസ്‌ക്, കയ്യുറ എന്നിവ നിര്‍ബന്ധമായും ധരിക്കണം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കടകള്‍ അപ്പോള്‍ തന്നെ അടച്ചു പൂട്ടുന്നതിന് കളക്ടര്‍ പോലീസിന് നിര്‍ദേശം നല്‍കി.
കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അക്ഷയ കേന്ദ്രങ്ങള്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെ തുറന്ന് പ്രവൃത്തിക്കാം. മെഡിക്കല്‍ ഷോപ്പുകള്‍ക്ക് സമയ നിയന്ത്രണം ബാധകമല്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍, മോട്ടോര്‍ വാഹന ഷോറൂമുകള്‍ എന്നിവ തുറക്കരുത്.