ഇടുക്കി: കോവിഡ് ജാഗ്രത ശക്തമാക്കുന്നതിന്റെ ഭാഗമായി അയ്യപ്പന്‍കോവില്‍ ഗ്രാമ പഞ്ചായത്തില്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ഒരുങ്ങുന്നു. മാട്ടുക്കട്ട ബിലിവേഴ്സ് ചര്‍ച്ച് ബെയിസ് ഗാര്ഡന് പബ്ലിക് സ്കൂളിലാണ് സെന്ററിനായുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ആദ്യഘട്ടത്തില്‍ 50 ബെഡുകള്‍ ചികിത്സാകേന്ദ്രത്തില്‍ ഒരുക്കും. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും വെവ്വേറെ ഇടങ്ങള്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ക്രമീകരിച്ചിട്ടുണ്ട്. സെന്ററില്‍ എത്തുന്നവര്‍ക്കായി ശുചിമുറിയും കുളിമുറിയും അടക്കമുള്ള സൗകര്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. മതിയാവാതെ വന്നാല്‍ ഇ ടോയിലറ്റ് സംവിധാനവും തയ്യാറാക്കും. പ്രാഥമിക ഘട്ടത്തില്‍ 50 ബെഡുകളാണ് തയ്യാറാക്കുന്നതെങ്കിലും വേണ്ടിവന്നാല്‍ 200 ഓളം ബെഡുകള്‍ തയ്യാറാക്കാനുള്ള സ്ഥല സൗകര്യം മാട്ടുക്കട്ടയില്‍ ക്രമീകരിച്ചിട്ടുള്ള സെന്ററിലുണ്ട്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ എല്‍ ബാബു ചെയര്‍മാനായുള്ള മാനേജിംഗ് കമ്മറ്റി രൂപീകരിച്ച് കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെ നേത്യത്വത്തിലാണ് സെന്ററിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വരുന്നത്. ആലടി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും രോഗീപരിചരണം നടക്കുക. സെന്ററിന്റെ പ്രവര്‍ത്തനത്തിനായുള്ള സംഭാവന സമാഹരണവും ആരംഭിച്ചിട്ടുണ്ട്. സെന്ററുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടുന്ന ജീവനക്കാരുടെ സാന്നിധ്യം കൂടി ഉറപ്പാക്കുന്ന മുറയ്ക്ക് സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എല്‍ ബാബു പറഞ്ഞു.