ഇടുക്കി ജില്ലയുടെ സ്വപ്ന സാക്ഷാത്ക്കാരം  മെഡിക്കല്‍ കോളേജിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനമെന്ന നിലക്ക്   ഒ.പി വിഭാഗത്തിന്റെ  ഉദ്ഘാടനം   വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ വിപുലമായ ചികിത്സാ സൗകര്യങ്ങളും ഒ.പി സംവിധാനങ്ങളും ആരംഭിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണമാണ് മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് സ്തംഭനാവസ്ഥ ഉണ്ടായത്. അത് പരിഹരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിച്ച് മെഡിക്കല്‍ വിദ്യാഭ്യാസം വീണ്ടെടുക്കാന്‍ കഴിയുന്ന അവസ്ഥയാണ് ഇതോടെ സംജാതമാകുന്നതെന്ന് ആശുപത്രി സമുച്ചയത്തിലെ പുതിയ ഒപി വിഭാഗം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  നിലവില്‍ 80 കിടക്കകളുള്ള ആശുപത്രിയില്‍ 300 കിടക്കകളും സൗകര്യങ്ങളുമൊരുക്കും. ഇതിന്റെ ആദ്യ ഘട്ടമായാണ് വിപുലമായ ഒ.പി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതുവരെ ജില്ലാ ആശുപത്രിയുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് പ്രവര്‍ത്തിച്ച് വന്നതെങ്കില്‍,  ഒപി വിഭാഗം കൂടുതല്‍ സൗകര്യങ്ങളോടെയാണ് പുതിയ ആശുപത്രി സമുച്ഛയത്തിലേക്ക് മാറുന്നത്. കെഎസ്ഇബിയുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് ഡയലിസിസ് യൂണിറ്റിലേക്കുള്ള ഉപകരണങ്ങള്‍ നേരത്തെ തന്നെ സജ്ജമാക്കിയിട്ടുണ്ട്. സി.റ്റി സ്‌കാന്‍, ഡിജിറ്റല്‍ എക്സറേ, മാമോഗ്രാം, കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കാനുള്ള നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. രക്തത്തിലെ പ്ലാസ്മ വേര്‍തിരിച്ച് സൂക്ഷിക്കാനുള്ള ജില്ലയിലെ ആദ്യത്തെ ബ്ലഡ് സെന്ററും ആരംഭിച്ചു. 45 ബെഡുകളുള്ള വിവിധ തീവ്ര പരിചരണ വിഭാഗവും, റേഡിയോളജി ഉള്‍പ്പെടെയുള്ള അത്യാഹിത വിഭാഗവും കൂടി ആരംഭിക്കുന്നതോടെ ഹൈറേഞ്ചിലെ ഏറ്റവും ഉന്നത ചികിത്സാ കേന്ദ്രമായി ഇടുക്കി മെഡിക്കല്‍ കോളേജ് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുള്ള തീവ്രശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. പത്തുകോടി രൂപ ചിലവഴിച്ചാണ് അക്കാദമി ബ്ലോക്ക് നിര്‍മ്മിച്ചിട്ടുള്ളത്. ടീച്ചിംഗ് കോണ്‍ഫറന്‍സ്, ബോയ്സ് ഹോസ്റ്റല്‍, ലേഡിസ് ഹോസ്റ്റള്‍ ഉള്‍പ്പെടെ 50 കുട്ടികള്‍ വീതം രണ്ടുബാച്ചുകള്‍ക്ക് പഠിക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ഇടുക്കി മെഡിക്കല്‍ കോളേജിന് നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്. ആശുപത്രിയില്‍ ഒരുക്കിയ സൗകര്യങ്ങള്‍ എല്ലാം കാണിച്ച് മെഡിക്കല്‍ കൗണ്‍സിലിന് അപേക്ഷിച്ചിട്ടുണ്ടെന്നും   അദ്ദേഹം പറഞ്ഞു.
ആരോഗ്യ- കുടുംബ ക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. വളരെയധികം മുന്‍ഗണന നല്‍കി ഇടുക്കി മെഡിക്കല്‍ കോളേജിന് വേണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അത് അനുസരിച്ച് തന്നെയാണ് നാല് വര്‍ഷക്കാലവും ആരോഗ്യ വകുപ്പ് പ്രവര്‍ത്തിച്ചത്. നിരവധി പ്രശ്നങ്ങള്‍ പരിഹരിച്ചാണ് അക്കാദിമിക് ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്നും അദ്ധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.
വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി മുഖ്യപ്രഭാഷകനായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമവും കൂടുതല്‍ സജീവമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ശ്രമിച്ചിട്ടുണ്ട്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഇടുക്കിയുടെ  ജനപ്രതിനിധികള്‍ എല്ലാവരും ഇടുക്കി  മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും മുഖ്യപ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍  നിര്‍മ്മിച്ചിരിക്കുന്ന പുതിയ  ആശുപത്രി സമുച്ചയത്തിന്റെ ഒന്നാം ബ്ലോക്കിലാണ് ഒ.പി, ഐ.പി വിഭാഗങ്ങള്‍ ആരംഭിക്കുന്നത്. നിലവില്‍ ഒന്നാം ബ്ലോക്കിലെ മൂന്നാം നിലയിലെ സെന്‍ട്രല്‍ ലബോറട്ടറി സോണില്‍ ട്രൂനാറ്റ് പരിശോധന കേന്ദ്രം, ആധുനികസംവിധാനങ്ങളോടുകൂടിയ മോളിക്യുലാര്‍ ലാബ് (ആര്‍ടിപിസിആര്‍ ലാബ്) സജ്ജീകരിച്ച് ഐസിഎംആര്‍ ന്റെ അംഗീകാരത്തോടുകൂടി വൈറോളജി ടെസ്റ്റിംഗ് സെന്ററിന്റെ പ്രവര്‍ത്തനവും നടക്കുന്നുണ്ട്.

ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യാതിഥിയായിരിന്നു. റോഷി അഗസ്റ്റിന്‍ എംഎല്‍എ സ്വാഗതവും, എംഎല്‍എമാരായ ഇ എസ് ബിജിമോള്‍, പി ജെ ജോസഫ്, എസ് രാജേന്ദ്രന്‍ എന്നിവര്‍ ആശംസാപ്രസംഗവും നടത്തി.   ആശുപത്രി വികസന സമിതി ചെയര്‍മാനായ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡംഗം സി വി വര്‍ഗീസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പ്രിയ എന്‍ എന്നിവരും സംബന്ധിച്ചു. ത്രിതല പഞ്ചായത്തംഗങ്ങള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവരും സന്നിഹിതരായിരുന്നു.

പൊതുജനാരോഗ്യ രംഗത്ത് ഒന്നിച്ചുള്ള മുന്നേറ്റം വേണം:
മന്ത്രി എം എം മണി

കോവിഡ് പോലെയുള്ള മഹാമാരിയെ നേരിടാന്‍  പൊതുജനാരോഗ്യ രംഗത്ത് ഒന്നിച്ചുനിന്നുള്ള മുന്നേറ്റം വേണമെന്നു വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. കട്ടപ്പന താലൂക്കാശുപത്രിയില്‍ ഓപ്പറേഷന്‍ തീയറ്ററിന്റെയും മോര്‍ച്ചറിയുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അതുപോലെ മെഡിക്കല്‍ കോളേജ് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ കഴിയുന്നതും വളരെ വലിയ ആശ്വാസമാണെന്നു മന്ത്രി പറഞ്ഞു. പൊതജനാരോഗ്യ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഈ സര്‍ക്കാര്‍ വലിയ തുകയാണു നീക്കിവച്ചിട്ടുള്ളത്. ജില്ലയുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയില്‍ കഴിയുന്നതെല്ലാം ചെയ്തുവരുകയാണ്. ഇനിയുളള ആവശ്യങ്ങളും അതേ രീതിയില്‍ കാണുമെന്ന് മന്ത്രി അറിയിച്ചു.
ആശുപത്രിയിലെ ഡിജിറ്റല്‍ എക്സ്റേ യൂണിറ്റിന്റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു. മേഖലയില്‍ കാന്‍സര്‍ രോഗികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കട്ടപ്പനയില്‍ അതിനുള്ള ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ഇത് വലിയ ഗുണം ചെയ്യുമെന്നും എംപി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രാനുമതി എളുപ്പം ലഭിക്കും. ഇനി ഒന്നിച്ചുള്ള ശ്രമം മാത്രം മതി.
പുതിയ താലൂക്കാശുപത്രിയ്ക്ക് എം എല്‍ എ ഫണ്ടില്‍ നിന്നുള്ള 25 ലക്ഷം രൂപ  ഉപയോഗിച്ച്  ആംബുലന്‍സ് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചതായി യോഗത്തില്‍ ആശംസകളര്‍പ്പിച്ച റോഷി അഗസ്റ്റിന്‍ എം എല്‍ എ പറഞ്ഞു. കട്ടപ്പന മുന്‍സിപ്പല്‍ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് മൈക്കിള്‍ സ്വാഗതവും കൗണ്‍സിലര്‍ സണ്ണി കോലോത്ത് നന്ദിയും പറഞ്ഞു. വിവിധ ജനപ്രതിനിധികളും താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. കെ. ബി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ആശുപത്രി ജീവനക്കാരും രാഷ്ട്രീയപാര്‍ട്ടി  പ്രതിനിധികളും നാട്ടുകാരും യോഗത്തില്‍ പങ്കെടുത്തു.