എല്ലാ ബ്ലോക്കുകളിലും കാർഷിക വിജ്ഞാന കേന്ദ്രം
സ്ഥാപിക്കും: കൃഷി മന്ത്രി വി എസ് സുനിൽ കുമാർ 

കാർഷിക വിഭവം സംഭരിക്കുന്നതിന് ഒരു കേന്ദ്രവും, എല്ലാ ബ്ലോക്കുകളിലും കാർഷിക വിജ്ഞാന കേന്ദ്രവും സ്ഥാപിക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞു. പ്രളയാനന്തര തൃശൂരിന് ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങ് പദ്ധതിയായ കോൾ മേഖലയ്ക്കുള്ള ആധുനിക മോട്ടോർ പമ്പ് സെറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
റീബിൽഡ് കേരളയുടെ ഭാഗമായി തൃശൂർ -പൊന്നാനി കോൾ വികസന പദ്ധതിക്കായി 98 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കാർഷിക മേഖലയെ പുനരുദ്ധരിക്കുന്നതിനായി വിവിധ മേഖലയെ ഉൾപ്പെടുത്തി കൊണ്ട് പ്രവർത്തനങ്ങൾ സജ്ജമാക്കുമെന്ന് മന്ത്രി പറഞ്ഞു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 33800 ഹെക്ടർ ഭൂമിയിൽ കൃഷിയിറക്കാൻ കഴിഞ്ഞുവെന്നത് സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. പ്രളയത്തിൽ തകർന്ന മോട്ടോർ പമ്പ് സെറ്റുകൾക്ക് പകരമായി ആധുനികമായ ഒൻപത് മോട്ടോർ പമ്പ് സെറ്റുകളാണ് വിതരണം ചെയ്തത്. ഒരു കോടി 17 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്.
വടക്കേ കോഞ്ചിറാ, കാട്ടൂർ തെക്കുംപാടം, പെരുവല്ലൂർ കോൾ, വിളക്കുമാടം, ഗ്രാമ ശ്രീകോൾ, പഴവൂർ പാടശേഖരം, കപുതൂർ കരിക്ക, ഇഞ്ച മുടി, പണ്ടാര കോൾ തുടങ്ങിയ കോൾക്കുള്ള പമ്പ്‌സെറ്റുകളുടെ രേഖ കൃഷി മന്ത്രി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എൻ.കെ.ഉദയപ്രകാശ്, വികസന കാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ജെന്നി ജോസഫ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ.ഡിക്‌സൺ, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുള അരുണൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപ എസ് നായർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ജി തിലകൻ, കൃഷി വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ടി സുമേഷ് കുമാർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.