കോവിഡ് വ്യാപനം : അതീവ ജാഗ്രത അനിവാര്യമെന്ന് മുഖ്യമന്ത്രി
കോട്ടയം : കോവിഡ് വ്യാപനം വര്‍ധിച്ചു വരുന്നതിനാല്‍ വരും ദിനങ്ങളില്‍ അതീവ ജാഗ്രതയോടെയുള്ള പ്രതിരോധ ഇടപെടല്‍ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടപ്ലാമറ്റം, വെള്ളൂര്‍, തൃക്കൊടിത്താനം, തോട്ടയ്ക്കാട് എന്നിവിടങ്ങളില്‍ സജ്ജമാക്കിയ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മറ്റ് 71 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടന്നു.
ആദ്യ ഘട്ടങ്ങളില്‍ കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സംസ്ഥാനത്തിന് സാധിച്ചു. പീന്നീട് ജാഗ്രതയില്‍ കുറവുണ്ടായി. ജാഗ്രത അനിവാര്യമാണെന്നും മുന്‍കരുതല്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നുമുള്ള തിരിച്ചറിവോടെ പ്രവര്‍ത്തിക്കുന്നത് പ്രതിരോധം ശക്തമാക്കാന്‍ സഹായിക്കും.
രോഗപ്രതിരോധത്തിന് പ്രാധാന്യം നല്‍കിയതുകൊണ്ടാണ് സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് കുറഞ്ഞു നില്‍ക്കുന്നത്. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് മരണനിരക്കും വര്‍ധിച്ചേക്കാം. അത് സംഭവിക്കാതിരിക്കുന്നതിനുള്ള ഇടപെടലാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. ഇനിയുള്ള ദിവസങ്ങള്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണം.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് പ്രാദേശിക തലങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കര്‍ശന ഇടപെടല്‍ നടത്താനാണ് ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ ഉപദേശം സ്വീകരിച്ച് വളരെ കരുതലോടെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും പങ്കാളിത്തവും സഹകരണവും ഉണ്ടാകണം- മുഖ്യമന്ത്രി പറഞ്ഞു.
സാധാരണക്കാരായ ജനങ്ങളുടെ പ്രാഥമികാരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങളായാണ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ പറഞ്ഞു.
ഉദ്ഘാടനം ചെയ്യപ്പെട്ട നാലു കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രത്യേകം ചടങ്ങുകള്‍ നടന്നു.
വെള്ളൂര്‍ എഫ്.എച്ച്. സി യില്‍ സി.കെ. ആശ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ലൈലാ ജമാല്‍ അധ്യക്ഷത വഹിച്ചു.
തൃക്കൊടിത്താനം എഫ്.എച്ച്.സിയില്‍ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. മാടപ്പള്ളി ബ്ലോക്ക് പ്രസിഡന്‍റ് രാഖി കലേഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. രാജു തുടങ്ങിയവര്‍ പങ്കെടുത്തു.
തോട്ടക്കാട്ട് എഫ്. എച്ച്. സി യില്‍ പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.ടി. ശശീന്ദ്രനാഥ്, പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നിബു ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കടപ്ലാമറ്റം എഫ്.എച്ച്.സിയില്‍ നടന്ന ചടങ്ങില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍. എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജോസ്. കെ.മാണി എം.പി മുഖ്യ പ്രഭാഷണം നടത്തി. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മ്മലാ ദിവാകരന്‍, കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ലിസി തോമസ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സഖറിയാസ് കുതിരവേലി എന്നിവര്‍ പങ്കെടുത്തു