ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കലിന് 25 ശതമാനം തുക നൽകാൻ സമ്മതിച്ച ഏക സംസ്ഥാനം കേരളം: മുഖ്യമന്ത്രി
കേരളമാണ് ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കലിന് വേണ്ടിവരുന്ന 25 ശതമാനം തുക നൽകാമെന്ന് സമ്മതിച്ച ഏക സംസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനകം 452 കോടി രൂപ ഇതിനായി സംസ്ഥാനം കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് നാഴികക്കല്ലായി മാറാൻ പോകുന്ന റോഡ് വികസന പദ്ധതികൾക്കാണ് തുടക്കമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴക്കൂട്ടം-മുക്കോല പാതയുടെ ഉദ്ഘാടനവും മറ്റ് ഏഴു പദ്ധതികളുടെ നിർമാണോദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
17 പാക്കേജുകളായാണ് കേരളത്തിലെ ദേശീയപാത വികസനം നടക്കുന്നത്. ബാക്കിയുള്ള ഒൻപതു പാക്കേജുകൾക്കുള്ള അനുമതിയും ഈ സാമ്പത്തികവർഷം തന്നെ നൽകണമെന്ന് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയോട് അഭ്യർഥിച്ചു. വാല്യൂ കാപ്ചർ ഫൈനാൻസിംഗിന് സംസ്ഥാനങ്ങൾ സമ്മതിച്ചാൽ ഭൂമി ഏറ്റെടുക്കലിനുള്ള 25 ശതമാനം നൽകണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഏറ്റവും റോഡ് സാന്ദ്രതയുള്ള സംസ്ഥാനമെങ്കിലും ദേശീയപാതകൾ കേരളത്തിൽ താരതമ്യേന കുറവാണ്. ഇത് പരിഹരിക്കാൻ 12 റോഡ് സ്ട്രെച്ചുകളുടെ കേന്ദ്രത്തിന് സമർപ്പിച്ച പ്രോജക്ട് റിപ്പോർട്ടിന് അനുമതി നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ഒരുഘട്ടത്തിൽ ഭൂമി ഏറ്റെടുക്കാൻ പറ്റാത്ത സാഹചര്യത്തിൽ ദേശീയപാത അതോറിറ്റി കേരളത്തിൽ ദേശീയപാതകൾ വികസിപ്പിക്കാനാവില്ല എന്നുചൂണ്ടിക്കാട്ടി പിൻമാറിയിരുന്നു.
ഇത്തരത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്ന സാഹചര്യത്തിൽ നിന്നാണ് ഇന്നത്തെ അവസ്ഥയിലേക്ക് എത്തിക്കാനായത്. വിജ്ഞാപന കാലാവധി അവസാനിച്ച് തുടർനടപടി അനിശ്ചിതമായതിനെത്തുടർന്നാണ് നേരത്തെ ദേശീയപാത അതോറിറ്റി പിൻമാറിയത്. പക്ഷേ, നമുക്ക് പിൻമാറാനാവുമായിരുന്നില്ല. ഈ ആവശ്യവുമായി സർക്കാർ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിയെയും ഇതിനായി പലവട്ടം കണ്ടിരുന്നു. തുടർന്ന്, ദേശീയപാത വികസനത്തിന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മികച്ച പിന്തുണയാണ് നൽകിയത്.
ഇതിനുശേഷമാണ് ദേശീയപാത അതോറിറ്റി അലൈൻമെൻറ് അന്തിമരൂപം നൽകുകയും സംസ്ഥാനം ഭൂമി ഏറ്റെടുക്കൽ ആരംഭിക്കുകയും ചെയ്തത്. ഏറ്റെടുക്കാൻ കഴിയില്ല എന്നുകരുതിയ ഭൂമി നാട്ടുകാരുടെയെല്ലാം സഹകരണത്തോടെ ഏറ്റെടുക്കുന്ന നില വരുകയും ചെയ്തു. ഏറ്റെടുക്കൽ ഏകോപിപ്പിക്കാനും ത്വരിതപ്പെടുത്താനും വിപുലമായ സംവിധാനവും ഇവിടെ ഒരുക്കി. ഉദ്യോഗസ്ഥതലത്തിലും ഭരണതലത്തിലും ഓരോഘട്ടത്തിലും നടത്തിയ സൂക്ഷ്മമായ ഇടപെടലാണ് ഇത്രവേഗം പദ്ധതി യാഥാർഥ്യമാക്കാൻ സഹായിച്ചത്. നിതിൻ ഗഡ്ഗരിയേപ്പോലെ ഒരു മന്ത്രി കേന്ദ്രത്തിൽ ഉണ്ടായിരുന്നതും തടസ്സങ്ങൾ ഇടപെട്ട് പരിഹരിക്കാൻ സഹായകമായി.
കഴക്കൂട്ടം-മുക്കോല ബൈപ്പാസിലെ 27 കിലോമീറ്റർ പൂർത്തിയായതോടെ തമിഴ്നാട് അതിർത്തിയുമായി ബന്ധിപ്പിക്കുന്ന 43 കിലോമീറ്ററുള്ള കഴക്കൂട്ടം-കാരോട് റോഡിന്റെ ആദ്യഘട്ടം യാഥാർഥ്യമായിരിക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, ടൂറിസ്റ്റ് കേന്ദ്രങ്ങളായ കോവളം ബീച്ച്, ശംഖുമുഖം തുടങ്ങിയിടങ്ങളിലേക്കുള്ള യാത്ര പാത സുഗമമാക്കും. ഇതോടൊപ്പം 11,571 കോടി ചെലവിൽ ദേശീയപാത 66 ലെ ആറുറീച്ചുകളുടെ പ്രവർത്തനോദ്ഘാടനവും നടക്കുകയാണ്. നിർമാണപ്രവർത്തനം ആരംഭിക്കുന്ന ഹൈവേകളെല്ലാം ആറുവരി പാതയാണ്. ഇവയെല്ലാം ദേശീയപാത വികസനത്തെ ത്വരിതപ്പെടുത്തുന്ന ഈ പദ്ധതികൾക്കൊപ്പമാണ് ഇടുക്കിയിൽ ചെറുതോണി പാലത്തിന്റെ നിർമാണോദ്ഘാടനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മികച്ച സഹകരണം മൂലമാണ് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചതെന്ന് പദ്ധതികൾ ഉദ്ഘാടനം ചെയ്ത കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. കേരളത്തിൽ ഭൂമിയേറ്റെടുക്കലിന് വേണ്ടിവരുന്ന തുക ഏറ്റവും കൂടുതലാണ്. പദ്ധതി തുകയുടെ സിംഹഭാഗം ഇതിനായി വേണ്ടിവരാറുണ്ട്. കേരളത്തിലെ റോഡ് വികസനത്തിന് മികച്ച പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത വികസനവിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ പ്രകടനം മുൻസർക്കാരിനേക്കാൾ മികച്ചരീതിയിലാണെന്നും ഇത് വളരെ സഹായകരമായതായും അദ്ദേഹം പറഞ്ഞു.
സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്, സ്റ്റീൽ, സിമൻറ് തുടങ്ങിയവയ്ക്ക് ജി.എസ്.ടി ഇളവ് തുടങ്ങിയവ സംസ്ഥാനം പരിഗണിക്കുമെങ്കിൽ നിർമാണചെലവ് കുറയ്ക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ തുടർന്ന് മുഖ്യമന്ത്രിയുമായി ചർച്ചചെയ്തു പരിഹാരം കണ്ടെത്താനാവുമെന്നും അദ്ദേഹം പ്രത്യാശിച്ചു. ഈ സാമ്പത്തികവർഷം 965 കോടി രൂപയ്ക്ക് 210 കിലോമീറ്റർ ദേശീയപാത പദ്ധതികൾ പൂർത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചടങ്ങിൽ വിശിഷ്ട സാന്നിധ്യമായിരുന്നു. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ സഹമന്ത്രി ജനറൽ (ഡോ) വി.കെ. സിംഗ് (റിട്ട), കേന്ദ്ര വിദേശകാര്യ, പാർലമെൻററി കാര്യ സഹമന്ത്രി വി. മുരളീധരൻ, സംസ്ഥാന പൊതുമരാമത്ത് രജിസ്ട്രേഷൻ മന്ത്രി ജി. സുധാകരൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവരും ഓൺലൈനായി പങ്കെടുത്തു.
ദേശീയപാത 66 ന്റെ ഭാഗമായ പ്രവൃത്തി പൂർത്തീകരിച്ച കഴക്കൂട്ടം-മുക്കോല (1121 കോടി, 27 കി.മീ) ദേശീയപാത ചടങ്ങിൽ നാടിന് സമർപ്പിച്ചു. കാസർകോട് ജില്ലയിലെ തലപ്പാടി-ചെങ്ങള (1981 കോടി, 39 കി.മീ), ചെങ്ങള-നീലേശ്വരം (1746 കോടി, 37 കി.മീ), കാസർകോട്, കണ്ണൂർ ജില്ലകൾ ഉൾപ്പെടുന്ന പെരോൾ-തളിപ്പറമ്പ് (3042 കോടി, 40 കി.മീ) കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് – മുഴപ്പിലങ്ങാട് (2715 കോടി, 30 കി.മീ), കോഴിക്കോട് ജില്ലയിലെ പാലൊളി, മൂരാട് പാലങ്ങൾ (210 കോടി, 2 കി.മീ), ആറുവരിയായി പുനർനിർമ്മിക്കൽ, വടകര-അഴിയൂർ-വെങ്ങളം, കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കോഴിക്കോട് ബൈപാസ് (1853 കോടി, 28 കി.മീ) എന്നീ റീച്ചുകളുടെയും ചെറുതോണി പാലത്തിന്റെയും (24 കോടി, 0.3 കി.മീ) നിർമ്മാണോദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു.