തിരുവനന്തപുരം: രാജാജിനഗർ പ്രാഥമികാരോഗ്യ കേന്ദ്രത്തെ ഭാവിയിൽ നഗര കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ. രാജാജി നഗർ പ്രൈമറി ഹെൽത്ത് സെന്ററിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 1.8 കോടി രൂപ ചെലവഴിച്ചാണ് രാജാജി നഗറിലെ പബ്ലിക് ഹെൽത്ത് സെന്റർ പുതുക്കിപ്പണിയുന്നത്.

ആർദ്രം മിഷനിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിനാണ് ഏറ്റവും പ്രാധാന്യം നൽകിയിട്ടുള്ളതെന്നു മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് ഇത്രയും വലിയ മാറ്റം സാധ്യമായതു പൊതു ജനങ്ങളുടെ മികച്ച പിന്തുണകൂടി ഉള്ളതുകൊണ്ടാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നിലവിലുള്ള പി എച്ച് സി കെട്ടിടം രാജാജി നഗറിനടുത്തുള്ള ഊറ്റുകുഴി- പനവിള റോഡിനു ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ഇതേ കെട്ടിടത്തിൽത്തന്നെ പ്രവർത്തിക്കുന്ന അംഗൻവാടി ഉൾപ്പെടെയാണ് പുതുക്കി പണിയുന്നത്. പ്രൈമറി ഹെൽത്ത് സെന്ററിലേക്കും അംഗൻവാടിയിലേക്കും പ്രത്യേകം പ്രവേശനവും ഒരുക്കും.

3074 ചതുരശ്ര അടിയിൽ ലബോറട്ടറി, റിസപ്ഷൻ, ഫാർമസി, നഴ്‌സ് സ്റ്റേഷൻ, ജെ പി എച്ച് എൻ റൂം, ടോയ്ലെറ്റുകൾ, കൺസൾട്ടേഷൻ , ഡ്രസിംഗ് റൂം, സ്റ്റോ റൂം തുടങ്ങി എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയാക്കുക. ക്യു മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ സഹായത്തോടെ വിശാലമായ വെയിറ്റിങ് ഏരിയയും ഒരുക്കും. കൂടാതെ ടെറസ് മേൽക്കൂരയുള്ള യോഗ ഹാളും നിർമിക്കും.
നിലവിലുള്ള പി എച്ച് സി കെട്ടിടം വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതാണ്. 1012 ചതുരശ്ര അടിയുള്ള അംഗൻവാടി കെട്ടിടവും ഇതിന്റെ ഭാഗമായി നിർമിക്കും. ഇൻഡോർ ഔട്ട്‌ഡോർ കളിസ്ഥലങ്ങൾ, മികച്ച അടുക്കള, കുട്ടികൾക്കായി വിനോദത്തിനുള്ള സൗകര്യങ്ങൾ, ഫർണിച്ചറുകൾ തുടങ്ങി എല്ലാം ആധുനിക സൗകര്യങ്ങളും അംഗൻവാടിയിൽ ഒരുക്കും.