*ലോഗോയും ബ്രോഷറും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു
മൂന്ന് ദിവസം നീളുന്ന മലബാര്‍ സാംസ്‌കാരിക പൈതൃകോല്‍സവത്തിന് ഇന്ന്
(മാര്‍ച്ച് 23) തുടക്കമാകും. മലബാര്‍ സാംസ്‌കാരിക പൈതൃകോത്സവം 2018 ന്റെ ലോഗോ, ബ്രോഷര്‍ പ്രകാശനച്ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. തുറമുഖം, പുരാവസ്തു, പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി 50 സെക്കന്റ് ദൈര്‍ഘ്യമുള്ള ലോഗോ ആനിമേഷന്‍ പ്രകാശനം ചെയ്തത്.
പെതൃകോല്‍സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നാളെ (മാര്‍ച്ച് 24) വൈകിട്ട് ആറിന് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. തുറമുഖ പുരാവസ്തു പുരാരേഖാ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. ചരിത്രപൈതൃക പ്രദര്‍ശനോദ്ഘാടനം ആരോഗ്യ സാമൂഹിക നീതി വകുപ്പു മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. പുരാവസ്തു പുരാരേഖാ മ്യൂസിയം വകുപ്പുകള്‍, ഭാരത് ഭവന്റെയും ഫോക്‌ലോര്‍ അക്കാദമിയുടെയും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെയാണ് 23 മുതല്‍ 26 വരെ പൈതൃകോല്‍സവം സംഘടിപ്പിക്കുന്നത്.
23ന് രാവിലെ 9.30ന് കാസര്‍ഗോഡ് ഉമ്മിച്ചി പൊയില്‍ ഉത്ഖനനം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ. പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും. തൃശൂര്‍ സര്‍ക്കിള്‍ അസി.സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് സി.കുമരന്‍ വിഷയം അവതരിപ്പിക്കും. നവോത്ഥാനന്തര കേരളം എന്ന സെമിനാര്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി. കാര്‍ത്തികേയന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. കരിവള്ളൂര്‍ മുരളി വിഷയം അവതരിപ്പിക്കും. 24ന് രാവിലെ 9.30ന് തെയ്യം കലയും കാലവും എന്ന വിഷയത്തില്‍ സെമിനാര്‍ ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ. കുട്ടപ്പന്‍ ഉദ്ഘാടനം ചെയ്യും. മലയാള സര്‍വകലാശാല പൈതൃക പഠനകേന്ദ്രം മേധാവി ഡോ.കെ. എം. ഭരതന്‍ വിഷയം അവതരിപ്പിക്കും. 24ന് വൈകുന്നേരം അഞ്ച് മുതല്‍ ആറ് വരെ നാട്ടരങ്ങ്, ഗദ്ദിക, നിണബലി എന്നിവ നടക്കും. ഏഴ് മുതല്‍ 9.30 വരെ വന്ദനഗീതം, സര്‍ഗസുധ, കഥകളി, മെഗാഷോ എന്നിവ അരങ്ങിലെത്തും.
25ന് രാവിലെ 9ന് പഴമയിലെ പുതുമ എന്റെ പെരുമ ചരിത്ര പൈതൃക ബോധന യാത്ര ജനകീയ ചരിത്ര പൈതൃക പ്രശ്‌നോത്തരി നടക്കും. വൈകുന്നേരം അഞ്ചു മുതല്‍ നാട്ടരങ്ങ്, മംഗലം കളി, എരുതുകളി, അലാമിക്കളി എന്നിവ നടക്കും. തുടര്‍ന്ന് ആദരക്കൂട്ടായ്മ തുറമുഖ പുരാവസ്തു പുരാരേഖാ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ഇ.പി. ജയരാജന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. സംഗീതനാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിത വിശിഷ്ടാതിഥി ആയിരിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടക്കും. 25ന് കമ്മ്യൂണിറ്റി ആര്‍ക്കൈവ്‌സിന്റെ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കണ്ണൂര്‍ ജില്ലയിലെ വിവിധ ഇടങ്ങളില്‍ ഏറ്റുവാങ്ങും. 26ന് വിവിധ കലാപരിപാടികളോടെ പൈതൃകോല്‍സവം സമാപിക്കും.