പാലക്കാട്: പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് 2016- 17 മുതല്‍ വിജയകരമായി നടപ്പാക്കി വരുന്ന ‘കൂട്ട്’ പദ്ധതിയിലൂടെ 464 ഭിന്നശേഷിക്കാര്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കി വരുന്നു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഭിന്നശേഷിക്കാരായ 146 സ്ത്രീകളും 205 പുരുഷന്മാരും 113 കുട്ടികളും ഉള്‍പ്പെടെയാണ് 464 ഗുണഭോക്താക്കള്‍്. അംഗന്‍വാടികളില്‍ നിന്നും  ശേഖരിച്ച ഭിന്നശേഷിക്കാരുടെ പട്ടികയില്‍ നിന്നും ബ്ലോക്ക് തല ഫെസിലിറ്റേറ്റര്‍ ഗൃഹസന്ദര്‍ശനം നടത്തിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തിട്ടുള്ളത്.

പദ്ധതി പ്രകാരം മൂന്നു മേഖലകളിലായി നടത്തിയ ഉപകരണ നിര്‍ണയ ക്യാമ്പിലൂടെ ഓരോ ഗുണഭോക്താവിന് ആവശ്യമായ ഉപകരണങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് 71 ഗുണഭോക്താക്കള്‍ക്ക് സൈഡ് വീലോടുകൂടിയ സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു. കൂടാതെ 272 ഗുണഭോക്താക്കള്‍ക്കായി ഇലക്ട്രോണിക് വീല്‍ ചെയര്‍, ബ്രയിന്‍ലി കമ്പ്യൂട്ടര്‍, ബ്രയിന്‍ലി ടാബ്, ശ്രവണ സഹായി, കൃത്രിമ കാല്‍ തുടങ്ങി 503 ഉപകരണങ്ങളും വിതരണം ചെയ്തിട്ടുണ്ട്. പദ്ധതിക്കായി അനുവദിച്ച 51,75,047 രൂപയില്‍ 46,64,493 രൂപയും ഇതിനോടകം ചെലവഴിച്ചു. പദ്ധതി മുഖേന ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ ജീവിതപ്രയാസങ്ങള്‍ ലഘൂകരിക്കാനും ഇവരെ സ്വയം പര്യാപ്തതയിലേക്ക് ഉയര്‍ത്താനും ഒരു പരിധിവരെ സാധാരണ ജീവിതത്തിലേക്ക് നയിക്കാനും കഴിഞ്ഞതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എം മുഹമ്മദലി മാസ്റ്റര്‍ പറഞ്ഞു.


പദ്ധതിയുടെ ഭാഗമായി കൊപ്പം സി എച്ച് സി യില്‍ ആരംഭിച്ച തെറാപ്പി സെന്ററിന്റെ പ്രവര്‍ത്തനവും മികച്ച രീതിയില്‍ മുന്നേറുന്നു. 2020 ജനുവരിയില്‍ ആരംഭിച്ച സെന്ററില്‍ 38 കുട്ടികള്‍ക്കും പാലിയേറ്റീവ് വിഭാഗത്തില്‍പ്പെട്ട 24 പേര്‍ക്കും തെറാപ്പി സേവനം ലഭ്യമാക്കി വരുന്നുണ്ട്. ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഫെസിലിറ്റേറ്റര്‍ എന്നിവരെ ഇതിനായി നിയമിച്ചിട്ടുണ്ട്. ഇതോടൊപ്പംതന്നെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍മാരുടെ സേവനവും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ലഭ്യമാക്കുന്നുണ്ട്. ഇതുകൂടാതെ ഉപകരണങ്ങള്‍ക്ക് ഉണ്ടാകുന്ന കേടുപാടുകള്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ കോഡിനേറ്റര്‍ മുഖേന പരിഹരിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.