കോവിഡ് വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കൂടുതൽ കർശനമാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ബി ഡി ദേവസ്സി എംഎൽഎയുടെ അധ്യക്ഷതയിൽ ചാലക്കുടിയിൽ അടിയന്തര യോഗം ചേർന്നു.
ജില്ലയിലെ 31 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അതിനിയന്ത്രണ മേഖലയായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് യോഗം.
ചാലക്കുടി മണ്ഡലത്തിലെ മേലൂർ, പരിയാരം, കൊടകര ഗ്രാമ പഞ്ചായത്തുകൾ, ചാലക്കുടി മുനിസിപ്പാലിറ്റി എന്നിവ അതിനിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചിരുന്നു. ബോധവത്ക്കരണം നടത്തുകയും സഹകരണം ആവശ്യപ്പെടുകയും മുന്നറിയിപ്പുകൾ നൽകുകയും ചെയ്തിട്ടും രോഗവ്യാപനം കൂടുന്നതിന്റെ പശ്ചാത്തലത്തിൽ പിഴ ചുമത്തുന്നതുൾപ്പെടെ കർശന നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി. ഇതിനായി സെക്ടറൽ മജിസ്ട്രേറ്റുമാർ കൂടുതൽ ജാഗ്രതയോടെ നടപടികൾ സ്വീകരിക്കും.
പഞ്ചായത്ത് തലത്തിൽ, സെക്ടറൽ മജിസ്ട്രേറ്റും ആരോഗ്യ വിഭാഗവും പഞ്ചായത്ത് അധികൃതരും പൊലീസും തമ്മിൽ മികച്ച ഏകോപനം ഉണ്ടാക്കും. ചാലക്കുടി മാർക്കറ്റ് കോവിഡ് വ്യാപനത്തിന് കാരണമാകാതിരിക്കാൻ നഗരസഭയും ആരോഗ്യ വിഭാഗവും പൊലീസും ജാഗ്രതയോടെ പ്രവർത്തിക്കാനും തീരുമാനിച്ചു.