ആധുനിക സൗകര്യങ്ങളോടെ തയ്യാറായ വടക്കാഞ്ചേരി നഗരസഭയുടെ പുതിയ ഓഫീസ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
തദ്ദേശ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അധ്യക്ഷനായി.

13 സെൻറ് സ്ഥലത്ത് 16,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ ഓഫീസ് കെട്ടിടം.
പ്രീഫാബ് രീതിയിൽ രൂപകല്പന ചെയ്ത ഈ കെട്ടിടം മദ്രാസ് ഐ ഐ ടി തയ്യാറാക്കിയ സ്ട്രക്ച്ചറൽ ഡിസൈൻ അനുസരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

പ്രത്യേകമായി വകയിരുത്തിയ സംസ്ഥാന ബഡ്ജറ്റ് വിഹിതം അടക്കം 3 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിനായി നഗരസഭ 10 ലക്ഷം രൂപയും നീക്കിവെച്ചു.

പഴയ കെട്ടിടത്തിലെ സൗകര്യക്കുറവ് മനസ്സിലാക്കി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്റെ നേതൃത്വത്തിൽ ആണ് പുതിയ കെട്ടിടത്തിന് സാഹചര്യമൊരുങ്ങിയത്.
വടക്കാഞ്ചേരി നഗരസഭ ചെയർ പേഴ്സൻ ശിവ പ്രിയ സന്തോഷ്‌,ജനപ്രതിനിധികൾ, എന്നിവർക്കൊപ്പം മുൻ എം പി പി കെ ബിജുവും ചടങ്ങിൽ പങ്കെടുത്തു.