പന്ന്യന്നൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു

കായിക രംഗത്തെ അടിസ്ഥാന വികസനത്തിന് പ്രഥമ പരിഗണന നല്‍കുന്നതിനുള്ള വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്ന് കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. പന്ന്യന്നൂര്‍  പഞ്ചായത്തിലെ മീത്തലെ ചമ്പാട് നിര്‍മ്മിച്ച  ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് നിലവാരമുള്ള കളിക്കളങ്ങള്‍ നിര്‍മ്മിക്കാന്‍ വിവിധ പദ്ധതികള്‍ ഈ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ പദ്ധതികളെല്ലാം തന്നെ വിജയകരമായാണ് മുന്നോട്ട് പോകുന്നത്.  കേരളമാകെ കളിക്കളങ്ങള്‍ ഒരുക്കുകയും അതിലൂടെ  കായിക സംസ്‌കാരമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
എ എന്‍ ഷംസീര്‍ എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 1.26 കോടി രൂപ  ചെലവഴിച്ചാണ് ഇന്‍ഡോര്‍  സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

പൊന്ന്യം പാലം റോഡിനോട് ചേര്‍ന്ന് 40 സെന്റിലാണ് സ്റ്റേഡിയം നിര്‍മ്മിച്ചത്. അത്യാധുനിക രീതിയിലുള്ള സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം രണ്ട് ഘട്ടമായാണ് നടന്നത്. ഷീറ്റ് വര്‍ക്ക് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്ക് 50 ലക്ഷം രൂപയും, നിലം, ലൈറ്റിംഗ് ഉള്‍പ്പടെയുള്ള പ്രവൃത്തിക്കായി 70 ലക്ഷം രൂപയും, ചുറ്റുപാടുകള്‍ മോടിപിടിപ്പിക്കാനായി ആറ് ലക്ഷം രൂപയുമാണ് ചെലവഴിച്ചത്.

എ എന്‍ ഷംസീര്‍ എംഎല്‍എ അധ്യക്ഷനായി.  പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍ അനൂപ്, ജില്ല പഞ്ചായത്ത് അംഗം ടി ആര്‍ സുശീല, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി മനോജ്, പഞ്ചായത്ത് അംഗം പി പി അഞ്ജന, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ കെ പവിത്രന്‍ മാസ്റ്റര്‍, പന്ന്യന്നൂര്‍ പഞ്ചായത്ത് സെക്രട്ടറി ടി കെ പ്രദീപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.