മാവേലിക്കര : ഓണാട്ടുകരയുടെ പാരമ്പര്യവും പ്രൗഢിയാർന്ന കാർഷിക സംസ്കാരത്തിന്റെയും , പൈതൃകത്തിന്റേയും നേർസാക്ഷ്യം ഒരുക്കുന്ന പൈതൃക മ്യൂസിയം പൊതുമരാമത്തു -രെജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ നാടിന് സമർപ്പിച്ചു.
ഓണാട്ടുകരയുടെ, തനത് സംസ്കാരവും,സാഹിത്യം കാർഷികം തുടങ്ങിയ മേഖലകളുടെ പഴയകാലവും പുതിയ തലമുറയിലേക്ക് എത്തിക്കാൻ പൈതൃക മ്യൂസിയം സഹായിക്കുമെന്നു ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ഭാഷ, സംഗീതം, അടിസ്ഥാന കലകൾ തുടങ്ങിയവക്ക് ആഴത്തിൽ വേരോട്ടമുള്ള നാടാണ് ഓണാട്ടുകര. ക്ഷേത്ര കലകൾക്കും കേരളത്തിലെ മറ്റ് മേഖലകൾക്ക് ഓണാട്ടുകര പ്രദേശം മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മാവേലിക്കര ബ്ലോക്ക്‌ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ജനകീയാസൂത്രണ രജത ജൂബിലി സ്മാരക മന്ദിരമായാണ് പൈതൃക മ്യൂസിയം ഒരുക്കിയത്. പഴയകാലത്തു കാർഷിക മേഖലയിലെ ആവിശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന പണി ആയുധങ്ങൾ, അളവുപാത്രങ്ങൾ, നാണയങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവയുടെ ശേഖരമാണ് മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്.

ആർ. രാജേഷ് എം. എൽ. എ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മ്യൂസിയത്തിന്റെ ഭാഗമായി ശില്പി അനിൽ കട്ടച്ചിറ നിർമ്മിച്ച ബുദ്ധ ശില്പത്തിന്റെ അനാച്ഛാദനം സജി ചെറിയാൻ എം. എൽ. എ നിർവ്വഹിച്ചു.
എൽ. എസ്. ജീ. ഡി പ്രിൻസിപ്പൽ ഡയറക്ടർ എൻ. പദ്മകുമാർ മ്യൂസിയം വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. മാവേലിക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. രഘുപ്രസാദ്, സെക്രട്ടറി എസ്. ജ്യോതിലക്ഷ്മി, ജനപ്രതിനിധികൾ, തുടങ്ങിയവർ കോവിഡ് പ്രോട്ടൊക്കോൾ പാലിച്ചുകൊണ്ട് ചടങ്ങിൽ പങ്കെടുത്തു.