പെരിന്തല്‍മണ്ണ നഗരസഭയും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും സംയുക്തമായി നിര്‍മിച്ച  വനിതാ മിത്ര വനിതാ ഹോസ്റ്റല്‍ ആരോഗ്യ, സാമൂഹ്യ നീതി വനിതാ-ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. പെരിന്തല്‍മണ്ണ നഗരസഭ രജതജൂബിലി പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഹോസ്റ്റല്‍ നിര്‍മിച്ചിരിക്കുന്നത്.

നഗരസഭയുടെ എരവിമംഗലം മേലേപറമ്പ് കോളനിയിലെ 50 സെന്റ് സ്ഥലത്ത്  കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ധനസഹായത്തോടെ വനിതാ വികസന കോര്‍പ്പറേഷന്‍ എട്ട് കോടി രൂപ ചെലവിലാണ് ഹോസ്റ്റല്‍ നിര്‍മിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍  നിന്നും പെരിന്തല്‍മണ്ണയിലെത്തി ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ താമസ സൗകര്യം ഒരുക്കുക എന്നതാണ്  ഹോസ്റ്റല്‍ നിര്‍മാണത്തിലൂടെ വനിതാ വികസന കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. 22100 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ മൂന്നു നിലകളിലായാണ് കെട്ടിടത്തിന്റെ നിര്‍മാണം. ഹോസ്റ്റലിന്റെ ഒന്നും രണ്ടും നിലകളിലായി 86 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. താഴെ നിലയില്‍ അടുക്കള, സ്റ്റോര്‍, വാര്‍ഡന്‍ റൂം, ഓഫീസ്, റിക്രിയേഷന്‍ ഏരിയ, ഡേ കെയര്‍ എന്നീ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കെട്ടിട നിര്‍മാണം പൊതുമേഖലാ സ്ഥാപനമായ എച്ച്.എല്‍.എല്‍ ഹൈറ്റ്‌സാണ് നിര്‍വഹിച്ചത്. നിര്‍മാണ പ്രവൃത്തികള്‍ നിര്‍വഹിച്ചത് മാളിയേക്കല്‍ കണ്‍സ്ട്രക്ഷനസുമാണ്.