ഒറ്റപ്പാലം മുളത്തൂര് തോടിന് കുറുകെയുള്ള നെല്ലികുറിശി-പാലപ്പുറം കുതിരവഴി പാലത്തിന്റെ നിര്മാണോദ്ഘാടനം പൊതുമരാമത്ത്-രജിസ്ട്രേഷന് വകുപ്പ് മന്ത്രി ജി.സുധാകരന് ഓണ്ലൈനായി നിര്വഹിച്ചു. പുതിയ കാലത്തിനനുസരിച്ചുള്ള നിര്മ്മാണമാണ് സര്ക്കാര് നടപ്പാക്കുന്നത്. പാലങ്ങളുടെ നിര്മ്മാണത്തില് മികച്ച ഡിസൈനുകളാണ് രൂപകല്പ്പന ചെയ്തു വരുന്നത്. അഞ്ചു വര്ഷത്തിനുള്ളില് ആകെ 584 പാലങ്ങളാണ് ഇതുവരെ ഡിസൈന് ചെയ്തിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. നെല്ലികുറിശി ഗവ. ഹൈസ്‌കൂളില് നടന്ന പൊതുയോഗത്തില് പി. ഉണ്ണി എം.എല്.എ അധ്യക്ഷനായി.
2015-16 ബഡ്ജറ്റില് ഉള്പ്പെടുത്തി നാല് കോടി രൂപ ചെലവഴിച്ചാണ് പാലം നിര്മിക്കുന്നത്. 26 മീറ്റര് വീതം വരുന്ന രണ്ട് സ്പ്ലാനുകളോട് കൂടിയ പാലം ഓപ്പണ് ഫൗണ്ടേഷനും 7.5 മീറ്റര് വീതിയില് ക്യാരേജ് വേ, ഇരുവശത്തും 1.5 മീ. വീതിയുള്ള നടപാത എന്നിവയാണ് നിര്മ്മിക്കുന്നത്.
ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശിവരാമന്, ഒറ്റപ്പാലം മുനിസിപ്പല് ചെയര്മാന് നാരായണന് നമ്പൂതിരി, ലക്കിടി പേരൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ നാരായണന്, ജില്ലാ പഞ്ചായത്ത് മെമ്പര് യു. രാജഗോപാല്, പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര് പി.സിനോയ് ജോയ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്, ഉദ്യോഗസ്ഥര് എന്നിവര് പങ്കെടുത്തു.