ഔഷധത്തിന്റെ ഗുണത്തിനൊപ്പം പൂക്കളുടെ സുഗന്ധവും വിരിയിക്കുന്ന അശോകവനം പദ്ധതിക്ക് പിണറായി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പന്തക്കപ്പാറ ശ്മശാനത്തില്‍ അശോക തൈകള്‍ നട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഗീതമ്മ പദ്ധതി ഉദ്ഘാടനം ചെയ്തു. ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി പിണറായി ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 30 തൈകളാണ് ശ്മശാനത്തില്‍ നട്ടുപിടിപ്പിച്ചത്.
സ്ത്രീരോഗങ്ങള്‍ക്ക് മികച്ച ഔഷധമാണ് അശോകമെന്നും എന്നാല്‍ ഇപ്പോള്‍ ഇത് കിട്ടാനില്ലാത്ത അവസ്ഥയാണെന്നും ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡിജോ ജോസ് പറഞ്ഞു. പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം ആലോചനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  രമേശന്‍, ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.