കാസര്‍കോട് ജില്ല നേരിടുന്ന ജലപ്രതിസന്ധി പരിഹരിക്കാന്‍ ജില്ലാഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുത്തിഗെ അനോടി പള്ളം അഭിവൃദ്ധിപ്പെടുത്താന്‍ പദ്ധതി ആരംഭിച്ചു. പ്രവൃത്തി ഉദ്ഘാടനം റവന്യു ഭവന-നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയായി.

പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എം സി ഖമറുദ്ദീന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, പഞ്ചായത്ത് പ്രസിഡന്റ് ജെ അരുണ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ വി എം അശോക് കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്‍, കൃഷി ഓഫീസര്‍ ഹംസീന, എച്ച്എഎല്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എ വി മുരളീകൃഷ്ണ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ബി മുഹമ്മദ്, പഞ്ചായത്ത് അംഗം എം ചന്ദ്ര, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ജെ കൃഷ്ണ മാസ്റ്റര്‍, ഷാനിദ് കയ്യംകൂടല്‍, മനോഹരന്‍, അബ്ദുല്ല കണ്ടത്തില്‍, ജയാനന്ദ പാട്ടാളി, തുടങ്ങിയവര്‍ സംബന്ധിച്ചു.

നല്ല മഴ ലഭിക്കുന്ന പ്രദേശമായ ജില്ലയില്‍ ഏറ്റവും രൂക്ഷമായ ജലക്ഷാമം നേരിടേണ്ടി വരുന്നത് വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണെന്നും ഇത് പ്രതിരോധിക്കാന്‍ മഴവെള്ളം പരമാവധി ഭൂമിയിലേക്ക് ഇറക്കി വിടുന്ന പദ്ധതികള്‍ പ്രധാന അജണ്ടയായി മാറണമെന്നും റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.മഞ്ചേശ്വരം ബ്ലോക്കില്‍ ഭൂഗര്‍ഭജലം അപകരമാംവിധത്തില്‍ താഴ്ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വെള്ളത്തെ പിടിച്ചു നിര്‍ത്താന്‍ പൊതുസമൂഹത്തിന്റെ കൂടി ജാഗ്രതയോടെയുള്ള സമീപനം ആവശ്യമാണ്. വടക്കേ മലബാറിലെ പ്രധാനപ്പെട്ട ജലസംഭരണികളാണ് പള്ളങ്ങള്‍. ഇത്തരം ജലസംഭരണികള്‍ ആരും തിരിഞ്ഞു നോക്കാതിരിക്കുന്നത് കാരണം മണ്ണിടിഞ്ഞും മാലിന്യം നിക്ഷേപിക്കപ്പെട്ടും നശോന്മുഖമാവുന്നു. ജലസംരക്ഷണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി പദ്ധതികളാണ് ജില്ലയില്‍ നടപ്പാക്കിയത്. ഇങ്ങനെയുള്ള പദ്ധതികളിലൂടെ ജലക്ഷാമം പരിഹരിക്കാന്‍ സാധിക്കും. അനോടി പള്ളം അഭിവൃദ്ധിപ്പെടുത്താന്‍ ആവശ്യമായ ഫണ്ട് നല്‍കിയ എച്എഎല്‍ന്റെ പ്രവര്‍ത്തനം വളരെ ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു.
മൂന്നാം ലോക മഹായുദ്ധം ഉണ്ടാവുകയാണെങ്കില്‍ അത് ജലത്തിന് വേണ്ടിയായിരിക്കുമെന്നും ഓരോ തുള്ളി വെള്ളത്തെയും സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യന്റെയും കടമയാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു.
ജലക്ഷാമം രൂക്ഷമായ മഞ്ചേശ്വരം മേഖലയില്‍ അഞ്ച് കോടി ലിറ്റര്‍വരെ സംഭരണശേഷിയുള്ള അനോടി പള്ളം സംരക്ഷിക്കുന്നത് പ്രദേശവാസികള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമാവുമെന്നും ഇതിന്റെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്താനും സാധിക്കണമെന്നും എം സി കമറുദ്ദീന്‍ എംഎല്‍എ പറഞ്ഞു.
ലാറ്ററൈറ്റ് ഭൂപ്രദേശങ്ങള്‍ കൂടുതലുള്ള മഞ്ചേശ്വരം മേഖലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും അനിയന്ത്രിതമായ കുഴല്‍കിണറുകളും ഭൂഗര്‍ഭജലവിതാനത്തെ അപകടകരമാം വിധത്തില്‍ താഴ്ത്തി കൊണ്ടിരിക്കുന്ന സ്ഥിതി വിശേഷമാണ് നിലവിലുള്ളതെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു പറഞ്ഞു. ജില്ലയില്‍ സംസ്ഥാന ശരാശരിയേക്കാള്‍ മഴ ലഭിക്കുമെങ്കിലും വേനല്‍ക്കാലത്ത് രൂക്ഷമായ ജലക്ഷാമമാണ് നേരിടുന്നത്. സംസ്ഥാന ശരാശരിയേക്കാള്‍ ഭൂഗര്‍ഭജല വിനിയോഗം നടക്കുന്നതും ജില്ലയിലാണ്. മഞ്ചേശ്വരം, കാസര്‍കോട്, കാറഡുക്ക ബ്ലോക്കുകള്‍ ഭൂഗര്‍ഭജല വിനിയോഗ തോതില്‍ 80 ശതമാനത്തില്‍ നിന്നും അധികരിച്ച് ഗുരുതര നിലയിലെത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തെ പ്രതിരോധിക്കാനാണ് ജില്ലാ ഭരണകൂടം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിപുലമായ ജലസംരക്ഷണ പദ്ധതികളും നദീതട വികസന പദ്ധതികളും നടപ്പിലാക്കുന്നത്. ചെറുകുളങ്ങള്‍, പള്ളങ്ങള്‍ തുടങ്ങിയ ജലസംഭരണികള്‍ നിര്‍മിക്കുകയും നിലവിലുള്ളവയെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.
അനോടി പള്ളം സംരക്ഷണ പദ്ധതിക്ക് എച്ച്എഎല്ലിന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് അനുവദിക്കാനായതില്‍ സന്തോഷമുണ്ടെന്നും പദ്ധതി മേഖലയിലെ കര്‍ഷകര്‍ക്കും ജനങ്ങള്‍ക്കും അനുഗ്രഹമാവുമെന്നും എച്ച്എഎല്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എ വി മുരളീകൃഷ്ണ പറഞ്ഞു.
പുത്തിഗെ പഞ്ചായത്തിലെ മുഖാരിക്കണ്ടത്ത് സ്ഥിതി ചെയ്യുന്ന അനോടിപള്ളത്തിന് ഏതാണ്ട് അഞ്ച് കോടി ലിറ്റര്‍ സംഭരണശേഷിയാണുള്ളത്. രണ്ട് ഹെക്ടര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന പള്ളം മേഖലയിലെ ഏറ്റവും വലിയ ജലസംഭരണിയാണ്. നിലവില്‍ മണ്ണിടിഞ്ഞും മാലിന്യം നിക്ഷേപിക്കപ്പെട്ടും നാശത്തിന്റെ വക്കിലാണ് പ്രകൃതിദത്തമായ ഈ ജലസംഭരണി. അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി പള്ളത്തില്‍ അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യും. ചുറ്റും സംരക്ഷണ വേലിയും സ്ഥാപിക്കുകയും മരങ്ങള്‍ നട്ടുപിടിപ്പിക്കുകയും ചെയ്യും. ഭാവിയില്‍ ടൂറിസം വികസനത്തിന്റെ ഭാഗമായി ആകര്‍ഷണ മേഖലയാക്കി മാറ്റാനും പദ്ധതിയുണ്ട്. മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പാണ് പദ്ധതി നിര്‍വഹണം നടത്തുന്നത്.
കാസര്‍കോട് പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡാണ് പദ്ധതിക്കായി തുക ലഭ്യമാക്കിയത്. സാമൂഹിക പ്രതിബദ്ധതാ നിധിയില്‍ നിന്നും 50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. പള്ളം അഭിവൃദ്ധിപ്പെടുത്തുക വഴി പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുകയും കൃഷിക്കുള്ള ജലസേചന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം പാരിസ്ഥിതിക ഉന്നമനവും ലക്ഷ്യമിടുന്നു.