കൊച്ചി: അപൂര്‍വരോഗ ബാധിതയായ സെബ സലാമിന്റെ നിശ്ചയദാര്‍ഢ്യത്തിന് പിന്തുണയുമായി കളക്ടറും സന്നദ്ധ സംഘടനയായ  സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്റ് എന്റിച്ച്‌മെന്റും (സീഫി). സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗത്തെ തുടര്‍ന്നുള്ള ശ്വസനതടസം മൂലം ബുദ്ധിമുട്ടനുഭവിക്കുകയായിരുന്ന പാനായിക്കുളം സ്വദേശി സെബയ്ക്ക് ശ്വസനസഹായി ലഭ്യമാക്കാനാണ് കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയും സീഫിയും കൈകോര്‍ത്തത്. കളക്ടറും സീഫി ചെയര്‍പഴ്‌സണ്‍ ഡോ. മേരി അനിതയും പാനായിക്കുളത്തെ വീട്ടിലെത്തി കഴിഞ്ഞ ദിവസം സെബയ്ക്കുള്ള സമ്മാനം കൈമാറി.
പാനായിക്കുളയും മഠത്തില്‍ പുതവനയില്‍ അബ്ദുള്‍ സലാമിന്റെയും സാബിറയുടെയും മകളാണ് സെബ. പഠനത്തില്‍ മിടുക്കിയായ സെബ 94 ശതമാനം മാര്‍ക്കോടെയാണ് പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയത്. വീല്‍ ചെയറിലായിരുന്നു സ്‌കൂളിലേക്കുള്ള യാത്ര. ബി കോം പഠനത്തിനിടെ, ആറു മാസം മുമ്പ് അസുഖം വര്‍ധിച്ചതിനെ തുടര്‍ന്നാണ് ശ്വസനസഹായി വേണ്ടി വന്നത്. ഉപകരണം വാടകക്കെടുത്തെങ്കിലും കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് കാരണം വാടക മുടങ്ങിയ സാഹചര്യത്തില്‍ സേബയുടെ വിഷയം കളക്ടറുടെ മുന്നിലെത്തുകയായിരുന്നു. തുടര്‍ന്ന് കളക്ടര്‍ സീഫിയുടെ സഹായത്തോടെ സെബയെ സഹായിക്കാന്‍ കളക്ടര്‍ വഴി കണ്ടെത്തി. സീഫി വൈസ് ചെയര്‍മാന്‍ ഡോ. കെ.എ. അനസ്, പെണ്‍വര്‍ പ്രൗഡക്ട്‌സ് മാനേജിങ് ഡയറക്ടര്‍ വിനോദ്, രേഖ തോമസ് എന്നിവരും കളക്ടര്‍ക്കൊപ്പം സേബയുടെ പാനായിക്കുളത്തെ വീട്ടിലെത്തിയിരുന്നു.