ഭാരത് ഭവന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥിപ്രതിഭകളുടെ  സാംസ്‌കാരികപഠനയാത്രയ്ക്ക്  കാസര്‍കോട്  തുടക്കമായി. കാസര്‍കോട് കളക്ടറേറ്റ്  പരിസരത്ത് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.  സാംസ്‌കാരികക്ഷേമനിധി ബോര്‍ഡ്  മെമ്പര്‍  രവീന്ദ്രന്‍ കൊടക്കാട്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍, ഡെപ്യൂട്ടി കളക്ടര്‍ കെ ജയലക്ഷ്മി തുടങ്ങിയവര്‍ സംബന്ധിച്ചു.
14 ജില്ലകളില്‍ നിന്നും  തെരഞ്ഞെടുക്കപ്പെട്ട എട്ടു മുതല്‍  പത്താം ക്ലാസ് വരെയുളള  84 വിദ്യാര്‍ത്ഥി പ്രതിഭകളാണ് തലസ്ഥാനനഗരിയായ തിരുവനന്തപുരത്തു നിന്നും  സപ്തഭാഷാസംഗമ ഭൂമിയായ  കാസര്‍കോട് നിന്നും  സാംസ്‌കാരിക നഗരിയായ തൃശൂരിലേക്ക് യാത്ര തിരിച്ചത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി,എറണാകുളം എന്നീ ഏഴു വിദ്യാഭ്യാസ ജില്ലകളിലെ ആറുവീതം കുട്ടികളാണ് കാസര്‍കോട് നിന്ന് പുറപ്പെട്ട സംഘത്തിലുളളത്.  ഈ മാസം 10 ന് തൃശൂര്‍ കേരള സാഹിത്യ അക്കാദമിയില്‍ ഇരുസംഘങ്ങളും സംഗമിക്കും. കേരളത്തിന്റെ ഓരോ ദേശത്തിന്റെയും തനിമയാര്‍ന്ന നാടോടി, ഗോത്ര, അനുഷ്ഠാന, ക്ലാസിക്കല്‍, രംഗകലാരൂപങ്ങളെ നേരില്‍ കണ്ടറിയുവാനും  സാംസ്‌കാരിക സ്ഥാപനങ്ങളുടെ  ദൗത്യങ്ങളെക്കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കാനുമുളള സര്‍ഗയാത്രയായാണ് ഭാരത് ഭവന്‍ ഈ പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്.