സംസ്ഥാനത്തെ ആദ്യ കബഡി ഇന്‍സ്റ്റിറ്റ്യൂട്ട് കൊല്ലത്ത്

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കല്ലുവാതുക്കല്‍ പഞ്ചായത്ത്  ഹൈസ്‌കൂള്‍ കോമ്പൗണ്ടില്‍  ആരംഭിച്ച സംസ്ഥാനത്തെ ആദ്യ കബഡി ഇന്‍സ്റ്റിറ്റ്യൂട്ടിലൂടെ കായിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വും ഊര്‍ജവും കൈവരുമെന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം നിര്‍വഹിച്ച കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍.
ദേശീയ തലത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍  ആധുനിക സജീകരണങ്ങളോടെ നിര്‍മിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ജില്ലയുടെ കായിക ഭൂപടത്തിലെ ശ്രദ്ധേയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി അധ്യക്ഷയായി. കബഡിയില്‍ ശാസ്ത്രീയ പരിശീലനം നല്‍കി വിദ്യാര്‍ഥികളെ ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പ്രാപ്തരാക്കുകയാണ് ഇത്തരമൊരു നൂതന പദ്ധതി വഴി ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.
75 ലക്ഷം രൂപാ ചെലവില്‍ ആധുനിക കായിക ഉപകരണങ്ങളും അനുബന്ധ സജീകരണങ്ങളും ഒരുക്കിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സജ്ജമാക്കിയത്. ജില്ലയിലെ    ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിഭാഗത്തിലെ കബഡിയില്‍ അഭിരുചിയുള്ള കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ദേശീയ മത്സരങ്ങളില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കായികതാരങ്ങളാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. വിദ്യാലയങ്ങള്‍ തുറക്കുന്ന മുറയ്ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങളാരംഭിക്കും.  ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന സമിതിക്കാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണ ചുമതല.