മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു


പച്ചക്കറികളുടേയും പുഷ്പ വിളകളുടേയും ഹൈടെക് കൃഷി-സാങ്കേതിക വിദ്യ പ്രചരിപ്പിക്കുന്നതിന്  നെതർലൻഡ് സഹായത്തോടെ വയനാട് ജില്ലയിൽ സ്ഥാപിക്കുന്ന മികവിന്റെ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ വയനാട് ജില്ലയിലെ അമ്പലവയലിലുള്ള പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ കാമ്പസിലാണ് സെന്റർ പ്രവർത്തനം തുടങ്ങുന്നത്.
പച്ചക്കറി, പുഷ്പകൃഷിയിലെ മികച്ച സാങ്കേതിക വിദ്യകൾ നെതർലൻഡിൽ നിന്ന് നാട്ടിലെത്തിച്ച് ഇവിടത്തെ കർഷകർക്ക് പകർന്നു നൽകുന്നത് കേരളത്തിലെ കാർഷിക മേഖലയ്ക്ക് ഉണർവ് പകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുഭിക്ഷ കേരളം പോലെ കാർഷിക സ്വയംപര്യാപ്തത നേടാൻ ഉദ്ദേശിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ ഈ ഘട്ടത്തിൽ സംസ്ഥാനത്തിന് ഇത് വലിയ മുതൽക്കൂട്ടാകും.
വയനാടിന്റെ കാലാവസ്ഥയും സാങ്കേതിക വശവും പരിഗണിച്ച് കാപ്സിക്കം, തക്കാളി, വെള്ളരി തുടങ്ങിയ പച്ചക്കറികളും ക്രെസാന്തമം, ജെർബറ തുടങ്ങിയ പുഷ്പവിളകളും ഇവിടെ കൃഷി ചെയ്യും. പച്ചക്കറി, പുഷ്പവിളകളുടെ വാണിജ്യ ഉത്പാദനത്തിനുള്ള മാതൃകാ പോളി ഹൗസുകൾ, നടീൽ വസ്തുക്കളുടെ ഉത്പാദനത്തിനുള്ള നഴ്സറികൾ, തുറസായ സ്ഥലത്തെ കൃത്യതാ കൃഷി, തോട്ടങ്ങൾ, പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി സെന്റർ, പച്ചക്കറി, സസ്യഫല വിപണനത്തിനുള്ള ഫെസിലിറ്റേഷൻ സെന്റർ, കർഷകർക്കും സാങ്കേതിക പ്രവർത്തകർക്കുമുള്ള പരിശീലന കേന്ദ്രം, ടിഷ്യുകൾച്ചർ ഉത്പാദന കേന്ദ്രം എന്നിവ പുതിയ കേന്ദ്രത്തിന്റെ ഭാഗമായുണ്ടാവും.
കേന്ദ്ര കൃഷി മന്ത്രാലയത്തിനുകീഴിലുള്ള മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്മെൻറ് ഓഫ് ഹോർട്ടിക്കൾച്ചർ (എംഐഡിഎച്ച്) പദ്ധതിയുടെയും സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള ഇൻഷ്യേറ്റീവ് പദ്ധതിയുടെയും സഹായത്തോടെ സംസ്ഥാന കൃഷിവകുപ്പിന്റെ ഹോർട്ടിക്കൾച്ചർ മിഷന് കീഴിലാണ് സെന്റർ സ്ഥാപിക്കുന്നത്. 13 കോടി രൂപ ചെലവുള്ള പദ്ധതിയിൽ 7.04 കോടി രൂപ കേന്ദ്ര സർക്കാരിന്റെ എം ഐ ഡി എച്ച് പദ്ധതി പ്രകാരവും നാലു കോടി രൂപ സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള ഇൻഷ്യേറ്റീവ് പദ്ധതി പ്രകാരവുമാണ് വകയിരുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.