കാനായിയുടെ ശില്പങ്ങള് യാഥാസ്ഥിതിക നിലപാടുകള്‍ക്ക് പ്രഹരമേല്‍പ്പിക്കുന്നതും പുരോഗമനപരമായ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെയ്ക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച പ്രിയ ശില്പി കാനായിക്ക് ആദരം എന്ന പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ദേശീയ തലത്തിലും സാര്‍വദേശീയ തലത്തിലും അറിയപ്പെടുന്ന ശില്പിയായ കാനായി കുഞ്ഞിരാമനെ ആദരിക്കുമ്പോള്‍ കേരളത്തിലെ സാംസ്കാരിക ഔന്നിത്യം ഉയരുകയാണ്. കലയെയും കലാകാരന്മാരെയും എക്കാലവും ആദരിച്ച ചരിത്രമാണ് കേരളത്തിന്റേത്. ഇത്തരത്തില്‍ സാംസ്കാരികമായി ഉയര്‍ന്ന സമൂഹത്തിനു മാത്രമേ കലാകാരന്മാരെ ആദരിക്കാന്‍ കഴിയൂ. ശില്പ നിര്‍മ്മാണ സങ്കല്പത്തിലും കലാബോധത്തിലും കലയോടുള്ള സമീപനത്തിലും പരിവര്ത്തനോന്മുഖമായ മാറ്റത്തിനായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് കാനായി. യാഥാസ്ഥിതിക കാഴ്ചപ്പാടുകളെ മാനവികവും പുരോഗമനാത്മകവുമായ ഇടപെടലുകളിലൂടെ നവീകരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അതിന്റെ ഉദാഹരണമാണ് ഓരോ ശില്പങ്ങളും. കലാകാരന് ധൈര്യത്തോടെ തന്റെ കലയെ ആവിഷ്കരിക്കുന്ന വ്യക്തിയായിരിക്കണം. അത്തരം നിലപാടു സ്വീകരിക്കുന്ന വ്യക്തിയാണ് കാനായി. അതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് യക്ഷി എന്ന ശില്പം. കലാശില്പ നിര്‍മ്മാണരംഗത്ത് യാഥാസ്ഥിതിതമായ കാഴ്ചപ്പാടുകള്‍ വച്ചു പുലര്‍ത്തുന്ന ഒരു കലാകാരന് ഒരിക്കലും യക്ഷിപോലുള്ള ശില്പങ്ങള് ചെയ്യാന്‍ കഴിയില്ല. സ്ത്രീ വീട്ടിനുള്ളില്‍ അടച്ചുപൂട്ടിയിരിക്കേണ്ടവളാണെന്ന പിന്തിരിപ്പന് നിലപാടിന് ആഘാതം ഏല്പിക്കുന്നതാണ് ഈ ശില്പം. ഇതിലൂടെ സ്ത്രീയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണ് ശില്പി. ഇതിന്റെ നിര്‍മ്മാണ ഘട്ടത്തില്‍ ശില്പിക്ക് സദാചാര പോലിസിന്റെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. കലാകാരന് എന്ത് ആവിഷ്കരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം തങ്ങള്‍ക്കാണെന്ന വാദവുമായി അക്കാലത്തും ചിലര്‍ രംഗത്തു വന്നിരുന്നു എന്നാണ് ഇത് തെളിയിക്കുന്നത്.
കാനായിയുടെ ശില്പത്തിന് അമ്പത് വയസു തികയുമ്പോള്‍ ഇന്ത്യയില്‍ കലാകാരന്മാര്ക്കു നേരെയുള്ള അസഹിഷ്ണുത വര്‍ധിക്കുകയാണ്. ഇത്തരമൊരു ഘട്ടത്തിലാണ് വിശ്വകലാകാരനായ എം.എഫ്. ഹുസൈന് ഇന്ത്യ വിട്ടു പോകേണ്ടി വന്നത്. അതിനു ശേഷവും സംസ്കാരിക പ്രവര്‍ത്തകര്‍ക്കു നേരെയുള്ള വര്‍ഗീയമായ കടന്നാക്രമണങ്ങള്‍ തുടരുകയാണ്. കലാകാരന്മാരും ചിന്തകരും എഴുത്തുകാരുമെല്ലാം വെടിയേറ്റു മരിക്കുന്നത് ഇത്തരം സന്ദര്‍ഭത്തിലാണ്. ഇവിടെയാണ് പുരോഗമന നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കലാകാരന്മാര് രംഗത്തു വരേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുല്ലക്കര രത്നാകരന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. എ.സമ്പത്ത് എം.പി ഭാവുകഭാഷണം നടത്തി. മേയര്‍ വി.കെ. പ്രശാന്ത്, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ ആശംസ നേര്‍ന്നു. ഭാരത് ഭവന് സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ സ്വാഗതവും അഭിരാംകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
കാനായിയുടെ ശില്പങ്ങള് യാഥാസ്ഥിതിക കാഴ്ചപ്പാടുകള്‍ക്ക് പ്രഹരമേല്‍പ്പിക്കുന്നു-മുഖ്യമന്ത്രി
Home /പൊതു വാർത്തകൾ/കാനായിയുടെ ശില്പങ്ങള് യാഥാസ്ഥിതിക കാഴ്ചപ്പാടുകള്‍ക്ക് പ്രഹരമേല്‍പ്പിക്കുന്നു-മുഖ്യമന്ത്രി