എറണാകുളം : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ പോളിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന മാസ്റ്റർ ട്രയിനർമാർക്കുള്ള പരിശീലനം പൂര്‍ത്തിയായി. ബ്ലോക്ക്, മുനിസിപ്പാലിറ്റി തലത്തിലുള്ള പരിശീലകര്‍ക്കുള്ള പരിശീലനമാണ് കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ നടന്നത്. തിരഞ്ഞെടുപ്പു ദിനത്തിന് തലേ ദിവസം മുതല്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

വോട്ടിങ്ങ് സാമഗ്രികളുടെ ശേഖരണം, വോട്ടിങ്ങ് യന്ത്രങ്ങള്‍ സ്ഥാപിക്കല്‍, വോട്ടിങ്ങ് പ്രക്രിയ, ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിന്‍റെ പ്രവര്‍ത്തനം, കോവിഡ് 19 പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, വോട്ടിങ്ങ് യന്ത്രങ്ങള്‍ തിരികെ കൈമാറല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കി. ഇവരുടെ നേത‍ൃത്വത്തില്‍ ബ്ലോക്ക് തലത്തിലും മുന്‍സിപ്പാലിറ്റി തലത്തിലുമുള്ള പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും. സംസ്ഥാന തലത്തില്‍ പരിശീലനം ലഭിച്ചവരാണ് മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് പരിശീലനം നല്‍കിയത്.

മുന്‍വര്‍ഷങ്ങളില്‍ നിന്നുേം വ്യത്യസ്തമായി അഞ്ച് ഉദ്യോഗസ്ഥരെ പോളിങ് ബൂത്തുകളില്‍ നിയോഗിക്കും. വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് സാനിറ്റൈസര്‍ ഉള്‍പ്പടെ വിതരണം ചെയ്യുന്നത് ഇദ്ദേഹമായിരിക്കും. ഈ മാസം അവസാനത്തോടു കൂടി ബ്ലോക്ക് തലത്തില്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നല്‍കും.