കാക്കനാട്: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വേണ്ടിയുള്ള സാമൂഹ്യക്ഷേമ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് കേന്ദ്ര വിഹിതം വര്‍ധിപ്പിക്കണമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ജില്ലയിലെ കുട്ടികള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം കുറയ്ക്കുന്നതിന്റെ  ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുമായി സഹകരിച്ച് നടപ്പിലാക്കുന്ന സമഗ്ര പദ്ധതിയായ ദീപ്തിയുടെ ഉദ്ഘാടനം കാക്കനാട് സിവില്‍ സ്‌റ്റേഷനിലെ പ്ലാനിംഗ് ഹാളില്‍   നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ശിശുക്ഷേമ സമിതിയുടെ വെബ്‌സൈറ്റ് ഉദ്ഘാടനവും ജ്യോതി എന്ന പേരിലുള്ള വിഭിന്നശേഷി കുട്ടികള്‍ക്കുളള സഹായ ഉപകരണ വിതരണവും  മന്ത്രി നിര്‍വഹിച്ചു.
ഐസിഡിഎസ് പദ്ധതിക്ക് 90% ആയിരുന്നു കേന്ദ്ര വിഹിതം. പിന്നീടത് 60% ആയും ഇപ്പോള്‍ 25% ആയും കുറച്ചിരിക്കുകയാണ്. ഇത് സംസ്ഥാനത്തെ അങ്കണവാടികളുടെ പ്രവര്‍ത്തനത്തിന് അപര്യാപ്തമാണ്. പദ്ധതി വിഹിതത്തിന്റെ 75 ശതമാനം ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തണം. കേരളത്തില്‍ സാമൂഹ്യക്ഷേമ വകപ്പിന് മുമ്പില്‍ ധാരാളം പ്രശ്‌നങ്ങള്‍ ദിനം പ്രതി എത്തുന്നുണ്ട് .എന്നാല്‍ ഇത് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി കൊണ്ട് മാത്രം പരിഹരിക്കാന്‍ പറ്റുന്നവയല്ല. കേന്ദ്ര സര്‍ക്കാരില്‍ നിന്നും കൂടുതല്‍ സാമ്പത്തികസഹായങ്ങള്‍ ലഭിക്കണം. പല സംസ്ഥാനങ്ങളിലും അങ്കണവാടികള്‍ സ്വകാര്യവത്കരിച്ചിരിക്കുകയാണ്. പക്ഷേ കേരളത്തില്‍ അങ്കണവാടികള്‍ സ്വകാര്യവത്കരിക്കില്ല.
 ലൈംഗിക ന്യൂനപക്ഷങ്ങളും ഭിന്നശേഷിക്കാരും വലിയ പ്രശ്‌നങ്ങള്‍ നേരിടുന്നു. ഭിന്നശേഷിക്കാര്‍ വര്‍ധിക്കുന്നത് സംബന്ധിച്ച് പഠനം നടത്തിവരികയാണ്. കുട്ടികളില്‍ നേരത്തേ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിന് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. വൃദ്ധര്‍ക്കും കുട്ടികള്‍ക്കുമായുള്ള സര്‍ക്കാര്‍ ഹോമുകള്‍ നവീകരിക്കും. ഒരു ജില്ലയില്‍ ഒന്നു വീതം സര്‍ക്കാര്‍ ഹോമുകള്‍ നവീകരിക്കും. ഓട്ടിസം, സെറിബ്രല്‍ പാള്‍സി രോഗബാധിതരായവര്‍ക്കായി സ്‌പെഷ്യല്‍ സ്‌കൂളുകളും രോഗം ഗുരുതരാവസ്ഥയിലുളളവര്‍ക്ക് പ്രത്യേക പരിചരണവും ലഭ്യമാക്കും. ഇത്തരത്തില്‍ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ വിപുലമായ പ്രവര്‍ത്തനങ്ങളാണ് സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ജ്യോതി പദ്ധതി പ്രകാരം തിരഞ്ഞെടുത്ത 51 പേര്‍ക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണവും ഇതോടൊപ്പം മന്ത്രി നിര്‍വഹിച്ചു. സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്റ് എന്റിച്ച്‌മെന്റിന്റെ (സിഫി) നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ വിഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി നടപ്പാക്കുന്ന പദ്ധതിയാണ് ജ്യോതി.
ജില്ലയിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ കീഴില്‍ ഹാജരാക്കുന്ന കുട്ടികളില്‍ കൂടുതലും ലഹരിയുമായി ബന്ധപ്പെട്ട കേസുകളിലുള്‍പ്പെട്ടവരാണ് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍, ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്തി ലഹരിയില്‍ നിന്നും പൂര്‍ണമായി മോചിതരാക്കുക എന്നതാണ് ദീപ്തി പദ്ധതിയുടെ ലക്ഷ്യം. ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് രൂപപ്പെടുത്തിയ ഈ പദ്ധതിയില്‍ ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്തുന്നത് മുതല്‍ ആ കുട്ടിക്ക് ലഹരിയില്‍ നിന്നും പൂര്‍ണ മോചനം ലഭിക്കുന്നത് വരെ എല്ലാ  സഹായങ്ങളും വിവിധ വകുപ്പുകള്‍ വഴി ഉറപ്പാക്കും. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ശിശു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി എറണാകുളം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പൂര്‍ണമായ വിശദാംശങ്ങള്‍ അടങ്ങിയ വെബ്‌സൈറ്റും ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്ക് ഏതു സമയവും പരാതി സമര്‍പ്പിക്കുവാനും, വിഷമകരമായ സാഹചര്യത്തില്‍ കണ്ടെത്തുന്ന കുട്ടികളുടെ വിവരങ്ങള്‍ കമ്മിറ്റിയെ അറിയിക്കുവാനും വെബ് സൈറ്റിലൂടെ കഴിയും.
പി.റ്റി.തോമസ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍,  എ.ഡി.എം എം.കെ.കബീര്‍, അസി. കളക്ടര്‍ ഈശപ്രിയ, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.ബി സൈന,  സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്റ് എന്റിച്ച്‌മെന്റ് ചെയര്‍മാന്‍ ഡോ.പി.മേരി അനിത, കാബട്ട് ടെക്‌നോളജി സൊല്യൂഷന്‍സ് സി.ഇ.ഒ വെങ്കിടേഷ് ത്യാഗരാജന്‍, സാമൂഹ്യ നീതി വകുപ്പ് ആര്‍.എ.ഡി പ്രീതി വില്‍സണ്‍, എറണാകുളം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പദ്മജ നായര്‍, എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ കെ.എ.നെല്‍സണ്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.കെ.കുട്ടപ്പന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.എ.സന്തോഷ്, മറ്റുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.