എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭരണസമിതികളുടെ കാലാവധി ബുധനാഴ്ച അവസാനിക്കെ ഭരണനിര്‍വ്വഹണത്തിനായി വ്യാഴാഴ്ച മുതല്‍ ഭരണ നിര്‍വ്വഹണ സമിതിയെ ചുമതലപ്പെടുത്തും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം പുതിയ ഭരണ സമിതി രൂപീകരിക്കുന്നതു വരെയാകും സര്‍ക്കാര്‍ നിയമിക്കുന്ന ഭരണ നിര്‍വ്വഹണ സമിതികളുടെ കാലാവധി.
ജില്ല പഞ്ചായത്തില്‍ കളക്ടര്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി, ജില്ല പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ എന്നിവരായിരിക്കും അംഗങ്ങള്‍. ബ്ലോക്ക് പഞ്ചായത്തുകളില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കൃഷി അസിസ്റ്റൻറ് ഡയറക്ടര്‍ എന്നിവര്‍ ഭരണ നിര്‍വ്വഹണം നടത്തും. ഗ്രാമപഞ്ചായത്ത് തലത്തില്‍ പഞ്ചായത്ത് സെക്രട്ടറി, ഗ്രാമപഞ്ചായത്തിലെ അസിസ്റ്റൻറ് എഞ്ചിനീയര്‍, പഞ്ചായത്ത് കൃഷി ഓഫീസര്‍ എന്നിവര്‍ക്കായിരിക്കും ഭരണ നിര്‍വ്വഹണ ചുമതല.
മുന്‍സിപ്പാലിറ്റികളില്‍ മുൻസിപ്പല്‍ സെക്രട്ടറി, മുൻസിപ്പല്‍ എഞ്ചിനീയര്‍, ഐ.സി.ഡി.എസ് ഓഫീസര്‍ ഇൻ ചാര്‍ജ്ജ് എന്നിവരടങ്ങുന്ന സമിതിക്കായിരിക്കും ഭരണ നിര്‍വ്വഹണ ചുമതല. കോര്‍പ്പറേഷനില്‍ ജില്ല കളക്ടര്‍, കോര്‍പ്പറേഷൻ സെക്രട്ടറി, കോര്‍പ്പറേഷൻ എഞ്ചിനീയര്‍ എന്നിവരടങ്ങുന്ന സമിതി ഭരണനിര്‍വ്വഹണത്തിന് നേതൃത്വം നല്‍കും.