കൊല്ലം :ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തെരഞ്ഞടുപ്പില്‍ പ്രചരണവും മറ്റും പരിസ്ഥിതി സൗഹൃദ ഗ്രീന്‍പ്രോട്ടോക്കോള്‍ പ്രകാരം മാത്രമായിരിക്കണമെന്ന് ജില്ലാതല ഗ്രീന്‍പ്രോട്ടോക്കോള്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അദ്ധ്യക്ഷന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
പരിസ്ഥിതി സൗഹൃദ വസ്തുക്കളായ കോട്ടണ്‍ തുണിയില്‍ പ്രിന്റ് ചെയ്ത ബോര്‍ഡുകള്‍, കോട്ടണ്‍ തുണിയില്‍ എഴുതി തയ്യാറാക്കിയ ബോര്‍ഡുകള്‍, പേപ്പര്‍, പോസ്റ്ററുകള്‍, പനമ്പായ, പുല്‍പ്പായ, ഓല, ഈറ, മുള, പാള, വാഴയില തുടങ്ങിയവ ഉപയോഗിച്ചുളള ആകര്‍ഷകവും നൂതനവുമായ പ്രചാരണ സാമഗ്രികള്‍ ഉപയോഗിക്കാം. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്ലാസ്റ്റിക് വസ്തുക്കള്‍ അടങ്ങുന്നവ ഉപയോഗിക്കാന്‍ പാടില്ല. ഭക്ഷണ വിതരണത്തിനും, കുടിവെളള വിതരണത്തിനും പുനരുപയോഗ സാധ്യമായ ഗ്ലാസ്സുകളും, പ്ലേറ്റുകളും മാത്രമേ ഉപയോഗിക്കാവൂ.
ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് അനുബന്ധ സാമഗ്രികളും നിരോധിതമാണ്. ഏത് തരം വസ്തുവില്‍, ഏത് സ്ഥാപനത്തില്‍ നിന്നാണ് പ്രിന്റ് ചെയ്തത് എന്ന് രേഖപ്പെടുത്തണം.  നിയമം ലംഘിച്ച് പ്രിന്റിംഗ് നടത്തി നല്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. 10000, 25000, 50000 രൂപ സ്ഥാനാര്‍ത്ഥികള്‍/രാഷ്ട്രീയ പാര്‍ട്ടി/ പ്രിന്റിംഗ് സ്ഥാപനം എന്നിവരില്‍ നിന്നും പിഴ ഈടാക്കും.

ഹരിതചട്ടം പാലിക്കുന്നത് നിരീക്ഷിക്കുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ഹരിത ചട്ട സമിതി രൂപീകരിച്ചു. ഫോണ്‍ 0474-2791910