കുഞ്ഞിമംഗലം വെങ്കല പൈതൃക ഗ്രാമത്തിലെ വെങ്കല ശിൽപികളുടെ ആശ്ചര്യകരവും അഭിമാനകരവുമായ കരവിരുത് ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മാതൃകയിൽ ഹെറിറ്റേജ് ടൂറിസം പദ്ധതി നടപ്പിലാക്കണമെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു.
കരകൗശല വികസന കോർപറേഷൻ   സ്ഥാപിക്കുന്ന കുഞ്ഞിമംഗലം ബെൽമെറ്റൽ ക്ലസ്റ്ററിന്റെ പ്രഖ്യാപനവും പൊതുസേവന കേന്ദ്രത്തിന്റെ ഓഫീസ് ഉദ്ഘാടനവും വർക്ക് ഷെഡ് നിർമ്മാണോദ്ഘാടനവും മൂശാരിക്കൊവ്വലിലെ വെങ്കല പൈതൃകഗ്രാമത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  വെങ്കല ഗ്രാമത്തിലെ പഴയ ശിൽപികളുടെ തിരുശേഷിപ്പുകളായ ശിൽപങ്ങൾ ഉൾപ്പെടെ പ്രദർശിപ്പിക്കാൻ എക്സിബിഷൻ സെന്റർ ദേവസ്വം, ടൂറിസം, തദ്ദേശ സ്വയംഭരണ വകുപ്പുകൾ ഒരുക്കണമെന്ന് നിർദ്ദേശിച്ച മന്ത്രി അതിന് വ്യവസായ വകുപ്പിന്റെ സഹായവും വാഗ്ദാനം ചെയ്തു. ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മാതൃകയിൽ ഇത് പ്രാവർത്തികമായാൽ വെങ്കല ശിൽപങ്ങൾ എങ്ങിനെ ഉണ്ടാക്കുന്നു എന്നറിയാനും അത് പഠിക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആൾക്കാർ എത്തും.
കേരളത്തിന്റെ തൊഴിൽ സംസ്ക്കാരവുമായി രൂപപ്പെട്ടു വന്ന ഈ പൈതൃകം ലോകം അറിയണം. ഈ മേഖലയിൽ തൊഴിൽ സുരക്ഷിതത്വവും കൂടുതൽ വരുമാനവും ഉറപ്പാക്കണം. പുതിയ തലമുറയെ ഈ തൊഴിലിലേക്ക് ആകർഷിക്കാൻ കഴിയണം. ഇതിന് പൈതൃകമായവയെ കൂടാതെ വിദേശ വിപണികളെ വരെ ആകർഷിക്കുന്ന പുതിയ ഉൽപ്പന്നങ്ങൾ ഉണ്ടാവണം. അതിനാണ് ഡിസൈൻ വർക്ക് ഷാപ്പും പരിശീലന പരിപാടികളും ഇവിടെ നടന്നുന്നത്. വിപണി പഠനം നടത്തി ആവശ്യമായ ഉൽപ്പന്നങ്ങൾ ഏതെന്ന് കണ്ടെത്തി ഉൽപാദനം നടത്തണം. ശിൽപികൾക്ക് അസംസ്കൃത വസ്തുക്കളും തൊഴിലുപകരണങ്ങളും ലഭ്യമാക്കി ഈ തൊഴിലിനെ സംരക്ഷിക്കാനാണ് ഈ പദ്ധതി.