തിരുവനനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്ലാസ്റ്റിക് വിമുക്തമാക്കി ഹരിത ചട്ടം പാലിച്ചു നടത്താൻ നിർദേശിക്കുന്ന ‘ഹരിതചട്ട പാലനം’ കൈപ്പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ നിർവഹിച്ചു. ഹരിത കേരള മിഷനും ശുചിത്വ മിഷനും ചേർന്നാണു പുസ്തകം പുറത്തിറക്കിയത്. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജോൺ വി. സാമുവൽ, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഡി. ഹുമയൂൺ, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ഷീബ പ്യാരേലാൽ എന്നിവർ പങ്കെടുത്തു.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ പെരുമാറ്റച്ചട്ടത്തിൽ പ്രകൃതിസൗഹൃദ പ്രചാരണ സാമഗ്രികൾ ഉപയോഗിക്കുന്നതടക്കമുള്ള നിബന്ധനകൾ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഈ നിബന്ധനകൾ വ്യക്തമായി മനസിലാക്കുന്നതിനു വേണ്ടിയാണ് കൈപ്പുസ്തകം പ്രസിദ്ധീകരിച്ചത്.